ആന്ത്രാക്സ് രോഗം പരത്തുന്ന പൊടി അടക്കം ചെയ്തെന്ന് അവകാശപ്പെട്ടുള്ള കത്തും പാഴ്സലും ഇൻഫോസിസ് ഷോലിംഗനല്ലൂർ ഓഫീസിൽ.

06:48 pmn7/4/2017


ചെന്നൈ: സംശയകരമായ വെളുത്ത പൊടിയാണ് പാഴ്സലിലുള്ളത്. ഇതോടൊപ്പമുള്ള കത്തിലാണ് പാർസലിൽ ആന്ത്രാക്സ് പൊടിയാണെന്ന് പറയുന്നത്. കത്തിൽ കമ്പനിയിൽ നിന്ന് 500 കോടി രൂപയുടെ തുക ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ചൊവ്വാഴ്ച ലഭിച്ച പാഴ്സലിൽ അയച്ചയാളുടെ വിലാസം ഇല്ല. കമ്പനിയുടെ ഷോലിംഗനല്ലൂർ ബ്രാഞ്ച് അംഗങ്ങളെ ലക്ഷ്യമാക്കിയാണ് കത്ത് വന്നിരിക്കുന്നത്. ഈ കത്തിനുള്ളിൽ ബ്രാഞ്ചുമായി ബന്ധപ്പെട്ട ഒരു ‘അഴിമതി’ പരാമർശിക്കുന്നുണ്ട്. കമ്പനിയിലെ അഴിമതിക്കാരെ പിരിച്ചുവിടണമെന്നാണ് കത്തിലെ ആവശ്യം. അല്ലെങ്കിൽ ആന്ത്രാക്സ് പൊടി കമ്പനിയുടെ ജലസ്രോതസ്സുകളിൽ കലർത്തുമെന്നാണ് ഭീഷണി. ഇതിൽ നിന്നും പിന്മാറണമെങ്കിൽ 500 കോടി രൂപ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കത്തിൻെറ മൂലയിൽ എഴുതിവെച്ച ബാർകോഡിൽ തെളിയുന്ന അക്കൗണ്ടിലേക്കാണ് പണം എത്തിക്കേണ്ടതെന്നും വ്യക്തമാക്കുന്നുണ്ട്. ബാക്ടീരിയ വഴി പകരുന്ന ആന്ത്രാക്സ് മാരകമായ സാംക്രമിക രോഗമാണ്.

കത്ത് ലഭിച്ച സെക്യൂരിറ്റി ജീവനക്കാരൻ കമ്പനി മേധാവികളെ അറിയിക്കുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കവറിലുള്ളത് ആന്ത്രാക്സ് പൊടിയാണെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി ലോക്കൽ പോലീസ് ചെന്നൈ ക്രൈം ബ്രാഞ്ച് പോലീസിന് ഭീഷണിക്കത്ത് കൈമാറി.