ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പാകിസ്താൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ജമാഅത്തുദഅ് വ നേതാവ് ഹാഫിസ് സഈദ്.

12:22 PM 01/08/2016
download (4)
ഇസ്ലാമാബാദ്: നിരപരാധികളായ കശ്മിരീകളെ കൊലപ്പെടുത്തുന്ന നടപടിക്ക് ഉത്തരവാദിയായ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പാകിസ്താൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ജമാഅത്തുദഅ് വ നേതാവ് ഹാഫിസ് സഈദ്. പാകിസ്താൻ സർക്കാറിന്‍റെ തീരുമാനം കശ്മീരികളുടെ മുറിവിന് ഉപ്പുതേക്കുന്നതാണെന്നും ഹാഫിസ് സഈദ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

പാകിസ്താൻ മുഴുവൻ കശ്മീരിലെ ഇന്ത്യൻ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുമ്പോൾ പാക് ഭരണകർത്താക്കൾ രാജ്നാഥ്സിങ്ങിന് പൂമാല ചാർത്തുന്നത് വിരോധാഭാസമാണെന്നും ഹാഫിസ് സഈദ് വ്യക്തമാക്കി.

ആഗസ്റ്റിന് 3ന് സിങ് പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ രാജ്യവ്യാപക പ്രതിഷേധം പ്രകടനങ്ങൾ നടത്തും. അതുവഴി പാകിസ്താൻ കശ്മീരിലെ കൊലയാളികൾക്കൊപ്പമല്ലെന്നും പീഡിപ്പിക്കപ്പെടുന്ന കശ്മീരികൽക്കൊപ്പമാണെന്നും ലോകത്തിന് മനസിലാവുമെന്നും സഈദ് കൂട്ടിച്ചേർത്തു.

കശ്മീര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് രാജ്നാഥ് സിങ് ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്നത്. ആഗസ്റ്റ് മൂന്നിന് നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് രാജ്നാഥ് സിങ് ഇസ്ലാമാബാദിലത്തെുന്നത്. പാകിസ്താന്‍ ഉള്‍പ്പെടെ എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സിങ് പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായും കൂടിക്കാഴ്ച നടത്തും.

കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെ ബാധിച്ചിരുന്നു. കശ്മീരിലടക്കം പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന അന്താരാഷ്ട്ര വേദി എന്ന നിലയിലായിരിക്കും ഇന്ത്യ സാര്‍ക് സമ്മേളനത്തെ ഉപയോഗിക്കുക. ഇന്ത്യയിലെ തീവ്രവാദ ശ്രമങ്ങളെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശവും ഇന്ത്യ ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പത്താന്‍കോട്ട് എയര്‍ബേസ് ആക്രമണം, ജമ്മുകശ്മീര്‍ സംഘര്‍ഷം എന്നീ പ്രശ്നങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള കേന്ദ്ര പ്രതിനിധി പാകിസ്താനിലേക്ക് പോകുന്നത്. തീവ്രവാദത്തെ ചെറുക്കാന്‍ സാര്‍ക് രാജ്യങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന അഭ്യര്‍ഥന ഉച്ചകോടിയില്‍ രാജ്നാഥ് സിങ് മുന്നോട്ടുവെക്കും.

ത്രിതല ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോയിന്‍റ് സെക്രട്ടറി തലത്തിലും സെക്രട്ടറി, ആഭ്യന്തരമന്ത്രി തലത്തിലും ചര്‍ച്ചകള്‍ നടക്കും. ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, അനധികൃത മയക്കുമരുന്ന്- ലഹരി കടത്ത്, ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 2014ല്‍ സാര്‍ക് ഉച്ചകോടി നടന്നത് നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു.