08:44 am 16/3/2017
തൃശൂർ: മാധവികുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ചിത്രീകരിക്കുന്ന ‘ആമി’ എന്ന സിനിമയുടെ ഷൂട്ടിങ് മാർച്ച് 24ന് പുന്നയൂർക്കുളത്ത് തുടങ്ങുമെന്ന് സംവിധായകൻ കമൽ അറിയിച്ചു.. മഞ്ജു വാര്യരാണ് കമല സുരയ്യയായി അഭിനയിക്കുന്നത്. അവരുടെ ഓർമകൾ ജ്വലിക്കുന്ന പുന്നയൂർക്കുളത്തെ നീർമാതളച്ചുവട്ടിൽ നിന്നാണ് ഷൂട്ടിങ് ആരംഭിക്കും. തുടർന്ന് 25ന് ഒറ്റപ്പാലത്ത് സിനിമയുടെ മറ്റു ഭാഗങ്ങൾ ചിത്രീകരിക്കും. കുട്ടിക്കാലമാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്. രണ്ടാഴ്ച നീളുന്ന ഷൂട്ടിങ്ങിൽ മഞ്ജു വാര്യരുടെ മൂന്നോ നാലോ ചിത്രീകരണം മാത്രമേ ഉണ്ടാവുകയുള്ളൂ. തുടർന്ന് രണ്ടുമാസത്തിന് ശേഷമേ ഷൂട്ടിങ് വീണ്ടും തുടരൂ. ഒരു സിനിമക്കുവേണ്ടി സമയമെടുത്ത് ശരീരം സജ്ജമാക്കി തയാറെടുപ്പ് നടത്തുന്നതിനാണ് ഷൂട്ടിങ് രണ്ടുമാസം നീട്ടുന്നത്. ഇതിനായി സമയം മാറ്റിവെക്കാനുള്ള സന്നദ്ധത എടുത്തുപറയേണ്ടതാണൈന്ന് മാധ്യമപ്രവർത്തകരോട് കമൽ പറഞ്ഞു.
വിദ്യാബാലൻ പിന്മാറിയശേഷം മാധവിക്കുട്ടിയായി അഭിനയിക്കാൻ എഴുത്തുകാരികളും സിനിമാനടിമാരുമടക്കം നിരവധി പേരാണ് സന്നദ്ധത അറിയിച്ചത്. പക്ഷേ, മഞ്ജു വാര്യരാണ് അതിന് പറ്റിയ കഥാപാത്രമെന്ന് കരുതിയതുകൊണ്ടാണ് തീരുമാനമെടുത്തത്. തമിഴ് കവയിത്രി ലീല മണിമേഘല കമല സുരയ്യയുടെ സിനിമ എടുക്കുന്നുണ്ട്. നേരത്തേ ഇവരുമായി സിനിമ ചർച്ച ചെയ്തിരുന്നു. തീർത്തും മലയാളത്തിൽ സിനിമ എടുക്കുന്നതിനാണ് താൻ ലക്ഷ്യമിടുന്നതെന്ന് അവരോട് പറഞ്ഞിരുന്നു. തുടർന്ന് ഒരു സുപ്രഭാതത്തിൽ അവർ മാധവിക്കുട്ടിയുടെ സിനിമ എടുക്കുന്നുവെന്നുപറഞ്ഞ് രംഗത്തുവരുകയായിരുന്നു.
മാധവിക്കുട്ടിയെക്കുറിച്ച് ആർക്കും സിനിമയെടുക്കാം. പക്ഷേ, മാധവിക്കുട്ടിയുടെ മക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിയശേഷമാണ് താൻ സിനിമയെടുക്കുന്നത്. ഈ സിനിമയെ കുറിച്ച് എല്ലാവരുമായും ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. സിനിമയിൽ ശ്രദ്ധിക്കുന്നതുകൊണ്ട് രാഷ്ട്രീയ രംഗത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നില്ല. മലപ്പുറത്ത് സി.പി.എം സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് തെൻറ ഡ്രീം േപ്രാജക്ടാണ് ആമി സിനിമ; സി.പി.എം തന്നെ സ്ഥാനാർഥിയാക്കാൻ ഒരുങ്ങിയാലും സിനിമ എടുക്കുന്നതിനാൽ സമ്മതിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.