ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയ്ക്ക് തൂക്കുകയര്‍; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം, മാതൃത്വത്തിന് അപമാനം

06:12pm 18/4/2016
1460959354_1460959354_attingal_murder

തിരുവനന്തപുരം: ആറ്റിങ്ങല്‍ അരുംകൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഒന്നാം പ്രതി പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും ശിക്ഷ പ്രഖ്യാപിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ടു പ്രതികളും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്‍സ് ആണ് കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്.
സ്വന്തം മകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെയാണ് ഒന്നാം പ്രതി അതിക്രൂരമായി കൊലപ്പെടുത്തിയത്. അറബ്‌നാട്ടിലെ മുഴുവന്‍ അത്തറും പൂശിയാലും കൈകള്‍ ശുദ്ധമാകില്ല. കുരുന്നു ജീവതമാണ് മുളയിലെ നുള്ളിയതെന്ന് വിധിപ്രസ്താവനത്തില്‍ പറഞ്ഞ കോടതി രണ്ടാം പ്രതി മാതൃത്വത്തിന് തന്നെ അപമാനമാണെന്ന പരാമര്‍ശവും നടത്തി. കാമപൂര്‍ത്തികരണത്തിന് വേണ്ടി കൊടും ക്രൂരത നടപ്പാക്കി. നിരാലംബയായ സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. അവരുടെ തലച്ചോര്‍ ചിതറുന്നവിധത്തിലുള്ള ആക്രമണമാണ് നടത്തിയത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല എന്നീ പരാമര്‍ശങ്ങളും കോടതി നടത്തി. നേരിട്ട് പങ്കെടുക്കാത്തതിനാലും വനിതയെന്ന പരിഗണന നല്‍കിയുമാണ് അനുശാന്തിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
അനുശാന്തിയുടെ ഭര്‍ത്താവ് ലജീഷിന് 50 ലക്ഷം രൂപ ഒന്നാം പ്രതിയില്‍ നിന്നും ഓമനയുടെ ഭര്‍ത്താവ് തങ്കപ്പന്‍ ചെട്ടിയാര്‍ക്ക് 30 ലക്ഷം രൂപ രണ്ടാം പ്രതിയില്‍ നിന്ന് ഈടാക്കി നല്‍കണം.
അന്വേഷണ ഉദ്യോഗസ്ഥനായ അനില്‍കുമാറിനെ പ്രശംസിച്ചു. 42ാം സാക്ഷി ഷാജിയെ പ്രത്യേകം പരാമര്‍ശിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രശംസിച്ചു. നിര്‍വികാരതയോടെയാണ് പ്രതികള്‍ ശിക്ഷാവിധി കേട്ടിരുന്നത്. പ്രതികള്‍ക്ക് കനത്ത പിഴ ചുമത്തണമെന്ന് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത്കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകള്‍ സ്വസ്തികയെയും ഭര്‍തൃമാതാവ് ഓമനയെയുമാണ് നിനോ മാത്യൂ കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ 16നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊല. വധശ്രമത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് ആണ് കേസിലെ മുഖ്യസാക്ഷി. ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരായിരുന്നു പ്രതികളായ നിനോ മാത്യു, അനുശാന്തിയും. അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കുന്നതില്‍ മറ്റുള്ളവരുടെ ശല്യം ഒഴിവാക്കുന്നതിനുമായിരുന്നു ഈ ഇരട്ടക്കൊലപാതകം.
കോടതി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യമാണ് നടത്തിതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കുറ്റമാണിതെന്നും കോടതി വ്യക്തമാക്കി. ആറു വയസ്സുള്ള മകളുണ്ടെന്നും വൃദ്ധ മാതാപിതാക്കളുണ്ടെന്നും അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നിനോ മാത്യൂ അപേക്ഷിച്ചിരുന്നു. നിനോ മാത്യൂവിന് വധശിക്ഷ നല്‍കരുതെന്ന് ഭാര്യയും നല്‍കിയ അപേക്ഷ കോടതി തള്ളി. മകളെ കൊലപ്പെടുത്തിയ അമ്മ എന്ന പഴിചേര്‍ക്കരുതെന്ന അനുശാന്തിയുടെ അപേക്ഷയും തള്ളി. കാഴ്ചക്കുറവുണ്ടെന്ന വാദവും കോടതി പരിഗണിച്ചില്ല.
ഒന്നാം പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, മോഷണം, കൊലപാതകത്തിനായി വീട്ടില്‍ അതിക്രമിച്ചുകയറി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞത്. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും തെളിയിച്ചിരുന്നു.