ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും സഹോദരങ്ങളേയും രക്ഷിച്ച് എട്ടുവയസ്സുകാരി

08:00 am 15/1/2017

– പി.പി. ചെറിയാന്‍
Newsimg1_66332756
ബാള്‍ട്ടിമോര്‍ : വീടിനകത്ത് ആളിപടര്‍ന്ന തീയില്‍ നിന്നും അമ്മയേയും രണ്ടു സഹോദരങ്ങളേയും രക്ഷപ്പെടുത്തി എട്ടു വയസ്സുകാരിയുടെ ധീരത. ഒന്‍പത് കുട്ടികളും അമ്മയും ഉറങ്ങി കിടക്കെയാണ് വീട്ടില്‍ അഗ്‌നി പടര്‍ന്നത്. തുടര്‍ന്ന് എറിന്‍ മലോണ്‍ എന്ന എട്ടുവയസ്സുകാരി അഗ്‌നിക്കുള്ളില്‍ നിന്നും ഇളയ രണ്ടു സഹോദരങ്ങളേയും അമ്മയേയും വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.

വീടിനകത്തെ ഇലക്ട്രിക് ഹീറ്ററില്‍ നിന്നാണ് തീ ആളിപടര്‍ന്നു കരുതുന്നു. ആറ് കുരുന്നുകളുടെ ജീവനാണ് തീ അപഹരിച്ചത്. ഒമ്പത് മാസവും രണ്ടു വയസ്സുമുള്ള ആണ്‍ കുട്ടികള്‍, മൂന്ന് വയസ്സുള്ള ഇരട്ട പെണ്‍കുട്ടികള്‍, പത്തും പതിനൊന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അഗ്‌നിക്കിരയായത്.

ജനുവരി 12 വ്യാഴാഴ്ച രാത്രിസംഭവം നടക്കുമ്പോള്‍ പിതാവ് ജോലി സ്ഥലത്തായിരുന്നു. വീടിനു തീ പിടിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമനസേന നിമിഷങ്ങള്‍ക്കകം സ്ഥലത്തെയെങ്കിലും വീട് കത്തിയമര്‍ന്നിരുന്നു.

അഗ്‌നിയില്‍ നിന്നും രക്ഷപ്പെട്ട മൂന്നു കുട്ടികളേയും മാതാവിനേയും ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ രണ്ടു കുട്ടികളുടെ സ്ഥിതി ഗുരുതരമാണ്. മേരിലാന്റ് ഹൗസ് പ്രതിനിധിയുടെ സ്റ്റാഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കുട്ടികളുടെ മാതാവ്. ഒമ്പത് കുട്ടികളുടേയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ധനസഹായ ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.