07:22 am 29/5/2017
ന്യൂഡൽഹി: ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ െഎ.എസ്.ആർ.ഒ സ്വന്തമായി വികസിപ്പിച്ച കൂറ്റൻ പേടകം ജി.എസ്.എൽ.വി^ എം.കെ മൂന്ന് അടുത്ത മാസം ആദ്യവാരം ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കും. 200 ആനകളുടെയത്ര തൂക്കമുള്ള (640 ടൺ) റോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിലെ വിപ്ലവമാകും. പരീക്ഷണം വിജയിച്ചാൽ ഒരു പതിറ്റാണ്ടിനകം ‘ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെ വഹിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ ഇന്ത്യൻ റോക്കറ്റാ’യി ജി.എസ്.എൽ.വി^ എം.കെ മൂന്ന് മാറും.
ഇതുവരെ രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹങ്ങളെയും ഇതിനു വഹിക്കാൻ ശേഷിയുണ്ടാകും. എട്ടു ടണാണ് പരമാവധി ശേഷി. 300 കോടി ചെലവിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയാൽ മൂന്നോ നാലോ പേരെ വഹിച്ച് ആദ്യ യാത്രക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺ കുമാർ പറഞ്ഞു. ഇന്ത്യയിൽനിന്ന് ആദ്യമായി പുറപ്പെടുന്നത് ഒരു വനിതയായിരിക്കുമെന്നും െഎ.എസ്.ആർ.ഒ പറയുന്നു.
നിലവിൽ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ആളെ കയറ്റാൻ ശേഷിയുള്ള റോക്കറ്റുകൾ വികസിപ്പിച്ചിട്ടുള്ളത്. നിലവിൽ ഇന്ത്യയുടെ വലിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഫ്രഞ്ച് ഏറിയാൻ^അഞ്ച് റോക്കറ്റിനെയാണ് ആശ്രയിക്കുന്നത്.