08.12 PM 03/05/2017
ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർന്നിട്ടുള്ളതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അംഗീകരിച്ചു. ആധാർ വിവരങ്ങൾ ചോരുവാൻ സാധ്യതയില്ലെന്ന് യൂനിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യിഐഡിഎഐ)ആവർത്തിക്കുന്നതിനിടെയാണ് കേന്ദ്രം കോടതിയിൽ ഇക്കാര്യം അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റീസ് എ.കെ സിക്രിയുടെ ബെഞ്ച് മുമ്പാകെ സർക്കാർ അഭിഭാഷകൻ ആർഗ്യ സെൻഗുപ്തയാണ് ആധാർ ചോർച്ച സമ്മതിച്ചത്.
സർക്കാരിന്റെ ചില ഡിപ്പാർട്ട്മെന്റുകളിൽനിന്നും സംസ്ഥാന ഏജൻസികളുടെ പക്കൽനിന്നും ആധാർ വിവരങ്ങൾ ചോർന്നതായാണ് അഭിഭാഷകൻ വാദത്തിനിടെ കോടതിയെ അറിയിച്ചത്. ആധാർ വിവരങ്ങൾ പരസ്യമായതു സംബന്ധിച്ച മാധ്യമവാർത്തകൾ ജസ്റ്റീസ് സിക്രി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത്തരത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു. ചില ആധാർ ഉപയോക്താക്കളുടെ പേര് ഹനുമാനെന്നും നായയെന്നും തെറ്റായി ചേർത്ത സംഭവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഏറ്റവും പുതിയ ടെക്നോളജി അവലംബിച്ചുള്ളതും വിശ്വസനീയവും ആധികാരികവുമാണ് ബയോമെട്രിക് സിസ്റ്റമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സർക്കാർ പദ്ധതികളുടെ വെബൈസൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാർ വിവരങ്ങൾ ചോർന്നതായി സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി (സിഐഎസ്) വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇവർ പുറത്തുവിട്ട റിപ്പോർട്ടിലായിരുന്നു ഞെട്ടിക്കുന്നവിവരങ്ങൾ. ഡയറക്ട് ബെനിഫിറ്റ് സ്കീം പ്രകാരം ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നെന്നായിരുന്നു റിപ്പോർട്ട്. തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു.