ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ഇപ്പോഴും താന്‍ ഉണ്ടായിരുന്നെങ്കില്‍, ഇത്ര വിപുലമായ നോട്ട് അസാധുവാക്കല്‍ പറ്റില്ളെന്ന് സര്‍ക്കാറിനെ അറിയിച്ചേനെ എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വൈ.വി. റെഡ്ഡി.
നോട്ട് അസാധുവാക്കല്‍ സര്‍ക്കാറിന്‍െറ സവിശേഷാധികാരമാണ്. എന്നാല്‍, ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പ്രധാനമന്ത്രിയോട് പറയുമായിരുന്നു.
1,000 രൂപ നോട്ട് മാത്രം പിന്‍വലിച്ച് പ്രയാസങ്ങള്‍ കുറക്കാന്‍ പറഞ്ഞേനെ. എന്നിട്ടും സമ്മതിക്കാതെ 87 ശതമാനം നോട്ടും പിന്‍വലിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍, നടപ്പാക്കാന്‍ കഴിയില്ളെന്ന് അറിയിക്കുമായിരുന്നു.
ഈ വിഷയത്തില്‍ പരസ്യമായി പ്രതിഷേധിക്കുമെന്നോ ഉടനടി രാജിവെക്കുമെന്നോ അല്ല അര്‍ഥം. പദവിയില്‍ ഇരിക്കുമ്പോള്‍, സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ പ്രായോഗിക പ്രയാസമുള്ളതാണെങ്കില്‍ അത് അറിയിക്കുകതന്നെ വേണം. പറഞ്ഞിട്ടും കേട്ടില്ളെങ്കില്‍ അസുഖമാണെന്ന് പറഞ്ഞ് അവധിയെടുക്കും. അങ്ങനെ മറ്റേതെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥനുവേണ്ടി വഴിമാറി കൊടുക്കും.
റിസര്‍വ് ബാങ്കിന്‍െറ സ്ഥാപനപരമായ തനിമക്ക് പരിക്കേറ്റു. ഇത് വ്യക്തികളുടെ പ്രശ്നമല്ല. സ്ഥാപനത്തിന്‍െറ അന്തസ്സിന്‍െറ വിഷയമാണ്.
പണത്തില്‍ സമൂഹത്തിനുള്ള വിശ്വാസത്തിന്‍െറ കാവലാളാണ് റിസര്‍വ് ബാങ്ക്. പ്രവര്‍ത്തനപരമായ പ്രശ്നങ്ങളല്ല വിഷയമെന്നും സല്‍പ്പേര് ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് റിസര്‍വ് ബാങ്ക് ശ്രദ്ധിക്കേണ്ടതെന്നും വൈ.വി റെഡ്ഡി കൂട്ടിച്ചേര്‍ത്തു.