06:30 pm 11/3/2017

ഇംഫാല്‍: ഇനി ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇറോം ഷർമ്മിള. സ്വന്തം ജനങ്ങള്‍ തന്നെ കൈവിട്ടുവെന്നും മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ഷര്‍മ്മിള പറഞ്ഞു. തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ഇതിനായി ഒരു മാസം ഏതെങ്കിലും ആശ്രമത്തില്‍ ചെവഴിക്കുമെന്നും ഇറോം വ്യക്തമാക്കി.
ഉരുക്കുവനിത ഇറോമിന് തൗബാൽ നൽകിയത് വെറും 90 വോട്ട്. നോട്ടയ്ക്ക് പോലും 143 വോട്ട് കിട്ടിയെന്നത് ശ്രദ്ധേയമായി. തൗബാൽ മണ്ഡലത്തിൽ 27,728 വോട്ടർമാരുണ്ടായിരുന്നു.മുന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ഇബോബി സിംഗിനോട് കൊമ്പുകോർത്തപ്പോൾ ഇറോം വിജയിക്കുമെന്ന് ആരും കണക്കുകൂട്ടിയിരുന്നില്ല. എന്നാൽ ഇങ്ങനെയൊരു തോൽവി രാഷ്ട്രീയ എതിരാളികൾകൂടി പ്രതീക്ഷിച്ചുകാണില്ല.
പ്രത്യേക സൈനിക നിയമത്തിനെതിരെയുള്ള 16 വർഷത്തെ പോരാട്ടം പാതിവഴിയിലുപേക്ഷിച്ച് ഇറോം രാഷ്ട്രീയത്തിലിറങ്ങിയതിനെ മണിപ്പൂർ ജനത തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് ഈ വിധിയെഴുത്ത് വിളിച്ച് പറയുന്നുണ്ട്. ഇനിയൊരിക്കലും മത്സരിക്കില്ലെന്ന് ഇറോം വ്യക്തമാക്കി.
ഗോവയിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എൽവിസ് ഗോമസ് മൂന്നാം സ്ഥാനത്തായി. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മത്സരിച്ച മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി മൂന്ന് സീറ്റ് നേടിയതോടൊപ്പം മുഖ്യമന്ത്രി ലക്ഷ്മീകാന്ദ് പർസേക്കറെയടക്കം ബിജെപിയുടെ വൻ മരങ്ങളെ കടപുഴക്കുകയും ചെയ്തു.
സുധിൻധാവ്‌ലിങ്കർ നയിക്കുന്ന ഗോമന്ദക് പാർട്ടി ഇത്തവണയും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മൂന്ന് സീറ്റ് വീതം നേടിയ ഗോമന്ദക് പാർട്ടിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും സ്വതന്ത്രൻമാർക്കും ഗോവയിൽ നിർണായക ശക്തിയാകാം. അതേസമയം, 39 സ്ഥാനാർത്ഥികളെ നിർത്തി ഗോവയാകെ മാസങ്ങളോളം പ്രചാരണം നടത്തിയ ആംആദ്മി പാർട്ടിക്ക് ഒരു സീറ്റിൽപോലും വിജയിക്കാനായില്ല.
ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കുൻകുലിമിൽ മൂന്നാം സ്ഥാനത്തായി. മനോഹർ പരീക്കർ ഏകാധിപതിയാണെന്ന് പറഞ്ഞ് ആർഎസ്എസ് വിട്ട് ഗോവസുരക്ഷ മഞ്ചുണ്ടാക്കിയ സുഭാഷ് വെല്ലിംഗർക്ക് ഒരു ചലനവും ഉണ്ടാക്കാനായില്ല. അതേസമയം, ഈ തെരഞ്ഞെടുപ്പിൽ എൻസിപിയോടൊപ്പം ചേർന്ന് മൽസരിച്ച മുൻ പിഡബ്യൂഡി മന്ത്രി ചർച്ചിൽ അലിമാവോ വിജയിച്ചു. മണിപ്പൂരിലും ഗോവയിലും ബിജെപിയുടെയും കോൺഗ്രസിന്റെയും വൻ മുന്നേറ്റം ഇല്ലാതാക്കിയത് പ്രാദേശിക പാർട്ടികളായിരുന്നു. ഗോവയിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ട് ആംആദ്മിയും പ്രാദേശിക പാർട്ടികളും ചോർത്തി.
