ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് സെമിനാര്‍ വിജയകരം

09:23 am 14/3/2017

– ഷിജി അലക്‌സ്
Newsimg1_17994856
ഷിക്കഗോ: ഇക്കഴിഞ്ഞ മാര്‍ച്ച് പതിനൊന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു ഐ.എന്‍.എ.ഐ നഴ്‌സിംഗ് പ്രാക്ടീസിന്റെ നിയമ, ധാര്‍മ്മിക വശങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തി. മുപ്പതോളം നഴ്‌സുമാരും, കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പങ്കെടുത്ത സെമിനാറില്‍ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തത് മെഡിക്കല്‍ പ്രാക്ടീസില്‍ ഉപരിപഠനവും നിയമപഠനവും നടത്തുന്ന ഡോ. പീറ്റര്‍ മക്കൂള്‍ ആയിരുന്നു. ക്ലാസില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ രീതിയില്‍ വിഷയം വിശദീകരിച്ചുകൊടുക്കുന്നതില്‍ ഡോ. മക്കൂള്‍ വൈദഗ്ധ്യം പുലര്‍ത്തി. ഐ.എന്‍.എ.ഐ നേതൃത്വം സെമിനാറിന്റെ വിജയത്തിനായി കൂട്ടായ പ്രവര്‍ത്തനം കാഴ്ചവെച്ചു.

സെമിനാറിനു സ്വാഗതം ആശംസിച്ചത് പ്രസിഡന്റ് ബീന വള്ളിക്കളം ആണ്. ഇതുപോലുള്ള സെമിനാറുകള്‍ വരുന്ന മാസങ്ങളിലും നടത്തുമെന്നും, അക്കാഡമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും ബീന വള്ളിക്കളം പറഞ്ഞു. ഐ.എന്‍.എ എഡ്യൂക്കേഷന്‍ ചെയര്‍ സൂസന്‍ മാത്യു പ്രഭാഷകന്‍ ഡോ. മക്കൂളിനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് റാണി കാപ്പന്‍ പ്രഭാഷകന് ഉപഹാരം സമര്‍പ്പിച്ചു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന വിജയകരമായ സെമിനാറില്‍ പങ്കെടുത്തവര്‍ക്കും, ഡോ. മക്കൂളിനും ഐ.എന്‍.എ.ഐ സെക്രട്ടറി സുനീന ചാക്കോ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഏപ്രില്‍ 30-ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന നഴ്‌സസ് ഡേ ആഘോഷങ്ങളിലേക്ക് ഏവരേയും ഐ.എന്‍.എ.ഐ ഭാരവാഹികള്‍ ക്ഷണിച്ചു.