ഇന്ത്യന്‍ സൈന്യം പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

12:23 pm 3/11/2016

ദില്ലി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ബങ്കറുകള്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബിഎസ്‌എഫ് പുറത്തുവിട്ടു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണിതെന്ന് ഒരു മുതിര്‍ന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പാക് സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിനാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇന്നലെ സാംബ, റജൗരി എന്നിവിടങ്ങളിലുണ്ടായ പാകിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് കുട്ടികളുള്‍പ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സൈനിക പോസ്റ്റുകള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നമ്മള്‍ ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ല. ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് സേനയുടെ നിഗമനം.
അതിനിടെ, ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ നാല് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ തിരിച്ച്‌ വിളിച്ചു. തന്ത്രപ്രധാന പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് അനഭിമതനായി പ്രഖ്യാപിച്ച്‌ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിന്റെ കൂട്ടാളികളേയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം തിരിച്ച്‌ വിളിച്ചത്. പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്‍റലിജന്‍സിന്റെ ഹൈക്കമ്മീഷനിലെ തലവന്‍ മുദ്ദസര്‍ ഇഖ്ബാല്‍ ചീമ എന്നിവരുള്‍പ്പെടെ നാലുപേരെയാണ് തിരിച്ച്‌ വിളിച്ചത്. വാഗാ അതിര്‍ത്തി വഴിയാണ് നാലുപേരും ഇന്ത്യ വിട്ടത്. മഹ്മൂദര്‍ അക്തര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയ 16 പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി പൊലീസ് തേടിയിരിക്കെയാണ് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ പിന്‍വലിച്ചത്.
ഇതിന് പകരം വീട്ടാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശം പാകിസ്ഥാന്‍ നല്‍കിയേക്കും. അതിനിടെ ജമ്മു കശ്മീരില്‍ ജനവാസകേന്ദ്രം ലക്ഷ്യമാക്കിയുള്ള പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ആക്രമണം തുടരുകയാണ്. മെന്ദര്‍ മേഖലില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്സിന്‍റെ വെടിവയ്പ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതതല സുരക്ഷാ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നാളെ ജമ്മു കശ്മീരിലെത്തും.