11.49 AM 24/01/2017
ന്യൂഡൽഹി: ഇന്ത്യയിലെ അഭിഭാഷകരിൽ 55 മുതല്‍ 60 ശതമാനം പേർക്കു മാത്രമാണ് യഥർഥ യോഗ്യതകൾ ഉള്ളതെന്ന് ബാർ കൗണ്‍സിൽ. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ബാർ കൗണ്‍സിൽ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ കോടതി മുറികളിൽ വ്യവഹാരങ്ങളുമായി കയറിയിറങ്ങുന്ന അഭിഭാഷകരിൽ 45 ശതമാനത്തോളം പേരും വ്യാജൻമാരാണ്. 55 മുതല്‍ 60 ശതമാനം പേർക്കു മാത്രമാണ് വേണ്ടത്ര യോഗ്യതകൾ ഉള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. ഇവരെ ഒഴിവാക്കുന്നത് അഭിഭാഷക വൃത്തിയുടെ മേന്മ വർധിപ്പിക്കും. 2012 ലെ ബാർ കൗണ്‍സിൽ തെരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ ബാർ കൗണ്‍സിലിന്‍റെ പരിശോധനയിൽ 6.5 ലക്ഷം പേരെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാറിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
ബാർ കൗണ്‍സിലിന്‍റെ പരിശോധനയെ ചീഫ് ജസ്റ്റീസ് അഭിനന്ദിച്ചു. വ്യാജ ബിരുദമുള്ളവർ മാത്രമല്ല, അഭിഭാഷക ബിരുദമില്ലാത്തവർ പോലും കോടതികളിൽ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, അഭിഭാഷക സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകുന്നതിന് സർവകലാശാലകൾ പണം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.