ഇന്ത്യയുടെ അര്‍ധ അതിവേഗ ട്രെയിന്‍ ഏപ്രില്‍ അഞ്ചിന്

09:23am 2/4/2016
download (3)

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ് സര്‍വിസിനത്തെുന്നു. കന്നി സര്‍വിസ് ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്‍ട്രോള്‍വഴി ഫ്‌ളാഗ്ഓഫ് ചെയ്യും. വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ഒരു ദിവസംകൂടി കഴിഞ്ഞാകും തുടങ്ങുക. മണിക്കൂറില്‍ 160 കിലോമീറ്ററും നിറയെ ആര്‍ഭാടവുമാണ് ട്രെയിനിന്റെ സവിശേഷത. ന്യൂഡല്‍ഹിക്കു പകരം ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്നാകും സര്‍വിസ് തുടങ്ങുക. ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്കാണ് സര്‍വിസ്. 184 കിലോമീറ്റര്‍ ദൂരം 110 മിനിറ്റിനുള്ളില്‍ പിന്നിടും. നിലവിലുള്ള ‘അതിവേഗ’ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസിന് 140150 കിലോമീറ്ററാണ് വേഗത. മാര്‍ച്ച് 22ന് അവസാന ട്രയല്‍ പൂര്‍ത്തിയാക്കിയ ഗതിമാന്‍ എക്‌സ്പ്രസ് ശതാബ്ദി എക്‌സ്പ്രസിനെക്കാള്‍ മെച്ചപ്പെട്ട സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ഒരുക്കിയത്. രണ്ട് എക്‌സിക്യൂട്ടിവ് ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി ചെയര്‍ കാര്‍ കോച്ചുകളുമുണ്ട്. എക്‌സിക്യൂട്ടിവ് ക്‌ളാസില്‍ പക്ഷേ, 1365 രൂപയും ചെയര്‍കാറില്‍ 690 രൂപയുമാണ് നിരക്ക്.