ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്രമന്ത്രി

03:46 PM 04/01/2017
download (1)
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെ. ‘ഒരു ദലിത് ക്വാട്ട നമ്മുെട ക്രിക്കറ്റ് ടീമിലുണ്ടാക്കിയാൽ കൂടുതൽ വിജയങ്ങൾ തേടിയെത്തും. പല അവസരങ്ങളിലും ടീം പരാജയപ്പെടുന്നു. ഇതിനെ മറികടക്കാൻ ദലിതരുടെ ഒരു ക്വാട്ട ആവശ്യമാണ്’.-മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തോടും മന്ത്രി ഉപമിച്ചു. വിരാട് കോഹ്ലിയുടെ ടീം മോദിയുടെ ടീം പോലെ മികച്ച ഫോമിലാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി വീണ്ടും നിരുത്തരവാദപരമായ പ്രസ്താവനകളുമായി രംഗത്തെത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പന്നലാൽ പുനിയ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്കോ പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കോ സംവരണം നൽകാൻ കഴിയില്ല. അവർക്ക് പരിശീലനത്തിനായി സംവരണാടിസ്ഥാനത്തിൽ അവസരം നൽകാം. എന്നാൽ കഴിവിൻെറ അടിസ്ഥാനത്തിൽ മാത്രമാണ് ടീമിലെടുക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. എം.ബി.ബി.എസിന് സംവരണം ലഭിച്ചെന്നു കരുതി നിങ്ങൾ ഒരു ഡോക്ടറാവില്ല, അന്തിമഫലം നിങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ക്രിക്കറ്റ് ഉൾപ്പെടെ എല്ലാ ഇന്ത്യൻ ടീമിലും ദളിതർക്ക് സംവരണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ഉദിത്രാജ് രംഗത്തെത്തിയിരുന്നു.