04:18 pm 12/2/2017

ഹൈദരാബാദ്: ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. സന്ദർശകരെ ആദ്യ ഇന്നിംഗ്സിൽ 388 റൺസിനു പുറത്താക്കിയ ഇന്ത്യ, രണ്ടാമിന്നിംഗ്സിൽ പൂജാരയുടെയും കോഹ്‌ലിയുടെയും മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു ഡിക്ലയർ ചെയ്തു. ബംഗാ കടുവകൾക്ക് ഒരുദിവസവും ഒരു സെഷനും ബാക്കിനില്‍ക്കെ ബാക്കി നിൽക്കെ 459 റൺസിന്‍റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിൽ പൂജാര 54 റൺസെടുത്തപ്പോൾ കോഹ്‌ലി 38ഉം രഹാനെ 28ഉം റൺസുവീതമെടുത്തു. ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ ലീഡ് നേടിയിട്ടും ബംഗ്ലാദേശിനെ ഫോളോഓണ്‍ ചെയ്യാൻ അനുവദിക്കാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വീണ്ടും ബാറ്റുചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ 322/6 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനഃരാംഭിച്ച സന്ദർശകർക്ക് 66 റണ്‍സ് കൂടി മാത്രമാണ് നേടാൻ കഴിഞ്ഞത്. മുഷ്ഫിക്കർ റഹിമിന്‍റെ സെഞ്ചുറി മാത്രമായിരുന്നു ബംഗ്ലാദേശിന് ആശ്വസിക്കാനുള്ളത്. 262 പന്തിൽനിന്ന് 16 ബൗണ്ടറികളും രണ്ടു സിക്സറും അടക്കം 127 റണ്‍സ് കുറിച്ച മുഷ്ഫിക്കർ പത്താമനായി പുറത്തായി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റും അശ്വിൻ, ജഡേജ എന്നിവർ രണ്ടു വിക്കറ്റും നേടി. ഇഷാന്ത് ശർമയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് കരസ്ഥമാക്കി.
വിരാട് കോഹ്ലി (204) യുടെ ഇരട്ടസെഞ്ചുറിലുടെയും മുരളി വിജയ്(108), വൃദ്ധിമാൻ സാഹ(106) എന്നിവരുടെ സെഞ്ചുറികളുടെയും മികവിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. അജിൻക്യ രഹാനെ(82), ചേതേശ്വർ പുജാര(83) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
