ഇന്ന് ദേശീയ ആനദിനം.

09:27 am 4/10/2016
images (2)

തൃശൂര്‍: ഇന്ന് ദേശീയ ആനദിനം. കേരളത്തില്‍ പക്ഷെ ആനദിനം സംബന്ധിച്ച് വനംവകുപ്പിന് പ്രത്യേക ധാരണയൊന്നുമില്ല. ജില്ലകളില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ദിനം ആചരിക്കുമെന്നാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസ് അറിയിച്ചത്. എന്നാല്‍, ആചരണം സംബന്ധിച്ച് വനംവകുപ്പ് മാര്‍ഗരേഖയൊന്നും നല്‍കിയിട്ടില്ല.
ഒക്ടോബര്‍ നാല് ദേശീയ ആനദിനമായി ആചരിക്കാന്‍ 2004ല്‍ കേന്ദ്ര എലിഫെന്‍റ് പ്രോജക്ട് ആണ് ഉത്തരവിട്ടത്. അതിന്‍െറ ഉദ്ഘാടനം പൂരത്തിന്‍െറ നാടെന്ന കേള്‍വിയുള്ള തൃശൂരിലാണ് നടത്തിയത്. 2005ല്‍ ദിനാചരണത്തിന് ഗുരുവായൂര്‍ ദേവസ്വം ഉടമസ്ഥതയിലുള്ള പുന്നത്തൂര്‍ കോട്ടയില്‍ നിന്ന് 51 ആനകളെ നെറ്റിപ്പട്ടമണിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തി. ഇതിന് ചെലവിട്ട എട്ട് ലക്ഷം രൂപയില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കേസായതോടെ ദിനാചരണം നിര്‍ത്തി.
ആനകള്‍ക്ക്പ്രകൃതിദത്ത സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പ്രത്യേക ഉത്തരവിറക്കിയെങ്കിലും ഒറ്റ ദേവസ്വവും ആനയുടമകളും അത് പാലിച്ചിട്ടില്ല. സെപ്റ്റംബര്‍ 15 വരെ സംസ്ഥാനത്ത് 10 പേര്‍ നാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചതായും 17 നാട്ടാനകള്‍ ചെരിഞ്ഞതായുമാണ് കണക്ക്. ശബരിമലയില്‍ ഒരു ഭക്തയെയും ഒമ്പത് പാപ്പാന്മാരെയുമാണ് ഒമ്പത് ആനകള്‍ കൊലപ്പെടുത്തിയത്.