ഇന്ന് പെസഹ

09:37am 24/3/2016
download (2)
കോട്ടയം: യേശുവിന്റെ അന്ത്യഅത്താഴസ്മരണ പുതുക്കി ഇന്ന് പെസഹ. ദേവാലയങ്ങളില്‍ പെസഹ തിരുകര്‍മങ്ങള്‍, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ തുടങ്ങിയവ നടക്കും. െ്രെകസ്തവ ഭവനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെയും വൈകുന്നേരവുമായാണ് വിവിധ ദേവാലയങ്ങളില്‍ തിരുകര്‍മങ്ങള്‍ നടക്കുന്നത്. അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ മെത്രാനോ വൈദികനോ കഴുകി ചുംബിക്കും. അന്ത്യഅത്താഴ വേളയില്‍ യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു നല്‍കിയതിന്റെ ഓര്‍മയും പുതുക്കും.

ഇത്തവണ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കണമെന്ന് മാര്‍പാപ്പ കല്‍പന പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ കത്തോലിക്ക രൂപതകള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് പൊതുധാരണയായിട്ടില്ല. സീറോ മലബാര്‍, മലങ്കര റീത്തുകള്‍ക്കള്‍ക്ക് കീഴിലുള്ള പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക് സ്ത്രീ പങ്കാളിത്വമുണ്ടാകില്ല.അതേസമയം, ലത്തീന്‍ റീത്തിനു കീഴിലുള്ള ചില രൂപതകള്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന് അറിയിക്കുമ്പോള്‍ അടുത്ത വര്‍ഷം മുതലെന്ന നിലപാടിലാണ് ചില രൂപതകള്‍.