ഇന്ന് ലോക ഉപഭോക്തൃ ദിനം;

08:28 am 24/12/2016


images
ഇന്ന് ലോക ഉപഭോക്തൃ ദിനം. ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി 30 വര്‍ഷം മുമ്പാണ് ഉപഭോക്തൃ നിയമം നിലവില്‍ വന്നത്. പുതിയ സാഹചര്യത്തില്‍ നിയമത്തില്‍ സമൂല മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഉത്പന്നങ്ങള്‍ക്കൊപ്പം സേവനത്തിനും നിയമം ബാധമാക്കി ഉപഭോക്തൃ നിയമം നിലവില്‍ വന്നത് 1986ലാണ്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടിനിടയില്‍ ഗുണമേല്‍മയില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റവര്‍ക്ക് തിരിച്ച് നല്‍കിയവരും നഷ്‌ടപരിഹാരം കൈപ്പറ്റിയവരും നിരവധി. എന്നാല്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ഉപഭോക്തൃ ഫോറങ്ങള്‍ എടുക്കുന്ന കാലതാമസം വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്‌ക്കുന്നു. പരാതി ലഭിച്ച് മൂന്ന് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് നിയമമെങ്കിലും പത്ത് വര്‍ഷം കഴിഞ്ഞും കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നു. 30 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ ഉപഭോക്തൃ ഫോറങ്ങള്‍ക്ക് ലഭിച്ച പരാതികള്‍ 45,66,475. തീര്‍‍പ്പാക്കിയത് 41,66,090 എണ്ണം.
വ്യാപാരം ഓണ്‍ലൈനിലേക്കും ചുവട് വച്ചതോടെ ഉപഭോക്തൃ നിയമത്തില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതനുസരിച്ച് പരസ്യങ്ങളില്‍ പറയുന്ന ഗുണമേന്മ ഉത്പന്നത്തിനില്ലെങ്കില്‍ പരസ്യത്തില്‍ അഭിനയിക്കുന്നവരും ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.