ഇന്ന് ശിശുദിനം.

11:00 am 14/11/2016
images
തിരുവനന്തപുരം: ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.
നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുന്പേതന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി. അതിലുപരി, ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരി. കുട്ടികളുടെ സ്വന്തം ചാച്ചാജി.

സ്വന്തം ജന്മദിനാഘോഷത്തിന് പകരം ആ ദിവസം കുട്ടികള്‍ക്കായി നീക്കി വച്ചപ്പോഴും ജവഹര്‍ലാല്‍ നെഹ്രു സ്വപ്നം കണ്ടതും അതുതന്നെ.
ദിനാചരണത്തിലുപരി, വിശ്വ മാനവികതയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയര്‍ത്തണമെന്ന സന്ദേശം അദ്ദേഹം മുന്നോട്ട്വച്ചു. കുട്ടികളെ ഒരുപാടിഷ്ടപ്പെട്ടിരുന്ന നെഹ്രു, നാളെയുടെ വാഗ്ദാനങ്ങള്‍ക്കായി ഒരുപാട് പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കി. ഗ്രാമങ്ങള്‍തോറും വിദ്യാലയം. ഉന്നത വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങള്‍. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് നികത്താന്‍ സൗജന്യ ഭക്ഷണം. അങ്ങിനെ നീളുന്നു പട്ടിക.
കരുതലോടെ പ്രവര്‍ത്തിച്ച്‌ ലോകത്തിന്‍റെ വിശാലത കുരുന്നുകള്‍ക്കായി ചാച്ചാജി തുറന്നിട്ടു. കുട്ടികളുമായി നിരന്തരം ഇടപെട്ട നെഹ്രു, ഇന്ത്യയെ കണ്ടെത്താനുളള കരുത്ത് അവരിലേക്കെത്തിക്കുകയായിരുന്നു. വീണ്ടും ഇതേ ഓര്‍മ്മകളിലേക്കെത്തുന്പോള്‍ നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന അന്തരീക്ഷവും നിലനില്‍ക്കുന്നു.
ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ അലയുന്നവരും, കുടുംബം പോറ്റാന്‍ അപകടം പിടിച്ച ജോലിടെയുക്കുന്നവരും,വിദ്യാഭ്യാസം അവകാശമാണെന്നറിയാത്തവരും ഒക്കെയുണ്ട് നമ്മുടെ കൊച്ചുകൂട്ടുകാര്‍ക്കിടയില്‍. പലവിധ ചൂഷണത്തില്‍പ്പെടുന്നവരും ബലിയാടുകളാകുന്നവരും വേറെ. ഇത്തരം കാഴ്ചകള്‍ ഇനിയാവര്‍ക്കാതിരിക്കാന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന സന്ദേശം കൂടി ശിശുദിനം ഓര്‍മ്മിപ്പിക്കുന്നു.