ഇരുചക്ര വാഹനങ്ങളില്‍ ഇനി ഓട്ടമാറ്റിക് ഹെഡ്‌ലാംപ്

28-2-2016
hero-honda-karizma-zmr-pgm-fi-head-light-view
ഇരുചക്ര വാഹനങ്ങളില്‍ ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഇരുചക്രവാഹന അപകടങ്ങള്‍ വ്യാപകമാകുന്നതു കണക്കിലെടുത്താണു നടപടി. 2017 ഏപ്രില്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിലാണ് ഓട്ടമാറ്റിക് ഹെഡ്‌ലാംപ് (എ.എച്ച്.ഒ) ഏര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഗതാഗത മന്ത്രാലയം വാഹനനിര്‍മ്മാതാക്കള്‍ക്കു നല്‍കി കഴിഞ്ഞു. ഈ ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാന്‍ വാഹനത്തില്‍ സ്വിച്ച് ഉണ്ടാവില്ല. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തും. റണ്ണിങ് ലാംപ് ഘടിപ്പിച്ച വാഹനമാണെങ്കില്‍ എന്‍ജിന്‍ ഓണാകുമ്പോള്‍ അതും പ്രവര്‍ത്തിക്കുന്നുണ്ടാവണം. ഇതേക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ മന്ത്രാലയം നിര്‍മ്മാതാക്കള്‍ക്കു സമയം നല്‍കിയിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്താണു പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. കാറുകളില്‍ 2017 മുതല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അധികം അപകടമുണ്ടാകുന്നത് ബൈക്കുകളിലും സ്‌കൂട്ടറുകളിലുമൂടെയാണ്. 32500ലധികം സ്‌കൂട്ടര്‍ യാത്രക്കാരാണ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും നിര്‍ബന്ധമാക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ ‘ഓട്ടമാറ്റിക് അലാം’ നിര്‍ബന്ധമാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.