ഇസ്രയേലിനും പലസ്തീനുമിടയില്‍ ഫ്രാന്‍സ് മധ്യസ്ഥനാകുന്നു

9:28 am 16/1/2017
download

മധ്യേഷ്യയില്‍ ഇസ്രയേലിനും പലസ്തീനുമിടയില്‍ സമാധാനമുറപ്പാക്കാന്‍ ഫ്രാന്‍സിന്‍റെ മധ്യസ്ഥതയില്‍ ശ്രമം തുടങ്ങി. പാരീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ എഴുപത് രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഫ്രാന്‍സിന്‍റെ മധ്യസ്ത ശ്രമങ്ങളെ പല്സ്തീന്‍ സ്വാഗതം ചെയ്തെങ്കിലും ചര്‍ച്ച അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍.
ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായാണ് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ലോക നേതാക്കളുടെ സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ഫ്രാന്‍സിന്‍റെ മധ്യസ്തതയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ഇസ്രയേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അവസരമൊരുക്കുക എന്നതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ അവസാനം നേരിട്ട് സമാധാന ചര്‍ച്ച നടത്തിയത് 2014 ഏപ്രിലിലാണ്.
പലസ്തീന്‍ പ്രദേശങ്ങളില്‍ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണം ത്വരിതപ്പെടുത്തിയതോടെ ഈ ചര്‍ച്ച പൊളിയുകയായിരുന്നു. തുടര്‍ന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായതിനിടയിലാണ് മധ്യസ്ത ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. അന്താരഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയോടെ ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിലാണ് പലസ്തീന്‍.
അതിനാല്‍ ഫ്രാന്‍സിന്‍റെ നീക്കത്തെ പലസ്തീന്‍ സ്വാഗതം ചെയ്‌തെങ്കിലും ഇസ്രായേല്‍ അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇസ്രയേല്‍ ചര്‍ച്ചയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. . അതേസമയം ആരു പങ്കെടുത്തില്ലെങ്കിലും സമ്മേളനം നിര്‍ണായകവും സന്തുലിതവുമായ തീരുമാനമെടുക്കുമെന്ന് അമേരിക്കയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പസ്സാക്കിയേക്കും.