08:53 am 19/4/2017
കെയ്റോ: ഈജിപ്തിലെ ടാന്‍റ, അലക്സാൻഡ്രിയ എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അലി മെഹമ്മൂദ് മുഹമ്മദ് ഹസൻ എന്നയാളാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് അലി ഹസൻ പിടിയിലായത്. ആക്രമണം നടത്തിയത് 19ലേറെപ്പേർ ഉൾപ്പെട്ട സംഘമാണെന്നും അതിലെ സുപ്രധാന കണ്ണിയാണ് ഇയാളെന്നുമാണ് പോലീസ് നിഗമനം.
ഏപ്രിൽ ഒൻപതിനാണ് ടാന്‍റ, അലക്സാൻഡ്രിയ എന്നീ നഗരങ്ങളിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിനു പിന്നാലെ അതിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ടാന്‍റയിൽ നടന്ന ആക്രമണത്തിൽ 30 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ അല്സാൻഡ്രിയയിൽ 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ ഈജിപ്ഷ്യൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തെത്തുടർന്ന് രാജ്യത്ത് മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.