10:22 AM 25/1/2017

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ നവംബര്‍ 8-ാം തീയതി എടുത്ത സാഹസികമായ ഒരു തീരുമാനമായിരുന്നു, 500/1000 രൂപാ നോട്ടുകള്‍ റദ്ദാക്കുക എന്നത്. അന്നുതന്നെ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. (1) കള്ളപ്പണത്തെ നിര്‍മാര്‍ജനം ചെയ്യുക (2) കള്ളനോട്ടുകളെ നിര്‍വീര്യമാക്കുക (3) നികുതി വെട്ടിപ്പ് ഇല്ലാതാക്കി നികുതിവരുമാനം വര്‍ധിപ്പിക്കുക (4) കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഫലമായി (എ) അഴിമതി ഇല്ലാതാക്കുക (ബി) കള്ളപ്പണം ഉപയോഗിച്ച് നടത്തുന്ന അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പിന് ഫുള്‍സ്റ്റോപ്പിടുക (സി) കള്ളപ്പണം മൂലം വിധ്വംസക പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്ന പതിവിനും അന്ത്യം കുറിക്കുക. ഈ ലക്ഷ്യങ്ങളെപ്പറ്റി രാജ്യത്തിലാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അതുകൊണ്ടുതന്നെയാണ് നയപരമായ ഈ നീക്കത്തെ ആദ്യം ആരും എതിര്‍ക്കാഞ്ഞത്.
നരേന്ദ്ര മോദിയുടെ കഴിഞ്ഞ രണ്ടര ക്കൊല്ലത്തെ ഭരണകാലത്ത് വലിയ അഴിമതി ആരോപണങ്ങളൊന്നും പൊന്തിവരാഞ്ഞതും, അവശ്യ വസ്തുക്കളുടെ വില നിയന്ത്രിച്ചു നിറുത്താന്‍ കഴിഞ്ഞതും (അന്തരാഷ്ട്ര സാമ്പത്തികമാന്ദ്യവും, എണ്ണവിലയിടിവും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വന്‍ സഹായകമായിത്തീര്‍ന്ന ഘടകങ്ങളായിരുന്നു), വലിയ എതിര്‍പ്പുണ്ടാക്കുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ തന്ത്രപരമായി ഭരണം നടത്തിയതും, പൊതുവെ രാജ്യതാല്‍പര്യം സംരക്ഷിക്കാനും പാക്കിസ്ഥാന്റെ കടന്നുകയറ്റങ്ങള്‍ക്ക് തക്ക മറുപടി കൊടുത്ത് (സര്‍ജിക്കല്‍ സ്‌ട്രൈക്ക്), അതേസമയം കാര്യങ്ങള്‍ കൈവിട്ടുപോകാത്ത രീതിയില്‍ നിയന്ത്രിച്ചു നിറുത്തിയതും മറ്റും അദ്ദേഹത്തിന് ജനമധ്യത്തില്‍ വളരെ നല്ല പ്രതിച്ഛായയും ജനസമ്മതിയും (ഗുഡ്‌വില്‍) നേടിക്കൊടുത്തിരുന്നു. പ്രതിപക്ഷത്തിന്റെ ഊര്‍ജ്ജസ്വലതയില്ലാത്ത പ്രവര്‍ത്തനശൈലിയും നരേന്ദ്രമോദിക്ക് ബലംനല്‍കി. രാജ്യത്തിലെ ഒന്നേകാല്‍ കോടി ജനങ്ങളില്‍ ഓരോരുത്തരേയും ബാധിക്കുന്ന നോട്ട് നിരോധന തീരുമാനം എടുത്തതോടെ മോദിയുടെ ജനസമ്മതി ഉയര്‍ന്നു. നിര്‍ണായകമായ കാര്യങ്ങളില്‍ ശക്തമായി നിലപാടുകളും തീരുമാനങ്ങളുമെടുക്കാന്‍ കഴിവുള്ള ആളാണ് താന്‍, എന്ന് മോദി ഈ തീരുമാനത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യത്തെ ഒരു മാസക്കാലം ഓരോ ദിവസവും അദ്ദേഹത്തെപ്പറ്റിയുള്ള പൊതുജനനാഭിപ്രായത്തിന്റെ ഗ്രാഫ് മുകളിലേക്കുതന്നെ പോവുകയായിരുന്നു. 50 ദിവസം കൊണ്ട് ബുദ്ധിമുട്ടുകള്‍ ഒഴിവാകുമെന്നും മറ്റും തറപ്പിച്ചു പറഞ്ഞതോടെ ജനവിശ്വാസം വര്‍ധിക്കുകയും ചെയ്തു.
പക്ഷെ നാലഞ്ചു വാരങ്ങള്‍ കഴിഞ്ഞിട്ടും ആവശ്യാനുസരണം നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാതെ വന്നതോടെ ജനമധ്യത്തില്‍ ആശങ്ക പരക്കാന്‍ തുടങ്ങി. അത്യാവശ്യമായ മുന്നൊരുക്കങ്ങള്‍പോലും ചെയ്യാതെയാണ് തങ്ങളുടെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ ഓരോരുത്തരെയും അവരുടെ കൃഷി, തൊഴില്‍, ബിസനസ് മുതലായവയേയും ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ തീരുമാനമെടുത്തത് എന്ന് കണ്ട ജനം അമ്പരന്നുപോയി. ജനങ്ങളുടെയും രാജ്യത്തിന്റെയും നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് ആവശ്യംപോലെ 100/50 രൂപ നോട്ടുകളെങ്കിലും ബാങ്കുകള്‍മൂലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി എടുക്കാതിരുന്നത് നരേന്ദ്രമോദിയുടെ കഴിവിനെയും കരുതലിനെയും പറ്റി ജനമനസ്സില്‍ സംശയങ്ങളുയുര്‍ത്തി. എങ്കിലും പലരും സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിനു നല്‍കി, താന്‍ വാഗ്ദാനം ചെയ്തിരുന്ന 50 ദിവസത്തിനകം ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നു കരുതി കാത്തിരിക്കുകയായിരുന്നു.
ഡിസംബര്‍ 31-ാം തീയതി വൈകുന്നേരം അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യമെമ്പാടുമുള്ള ജനങ്ങളെ നിരാശയിലാഴ്ത്തി എന്നതാണ് സത്യം. നോട്ട് കിട്ടാതെ ക്യൂവില്‍നിന്നു മടുത്ത ജനങ്ങളോട് ഈ വിഷയത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ലായിരുന്നു. താഴ്ന്ന വരുമാനക്കാര്‍ക്ക് വീടു കെട്ടാനും ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ളമുള്ളവ ഉള്‍പ്പെടെയുള്ള ചില ആശ്വാസപദ്ധതികള്‍ മാത്രം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തടിതപ്പിയത് ജനങ്ങളെ നിരാശരാക്കി. അദ്ദേഹത്തിന് മുമ്പ് 10 കൊല്ലം ഭരിച്ച കോണ്‍ഗ്രസ് സഖ്യത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും അതോടൊപ്പം കഴിഞ്ഞ രണ്ടര കൊല്ലക്കാലത്ത് നരേന്ദ്ര മോദി കാഴ്ചവച്ച താരതമ്യേന തൃപ്തികരമായ ഭരണചരിത്രവുംകൂടി നരേന്ദ്രമോദിക്ക് നല്‍കിയ നല്ല പരിവേഷവും ജനസ്സമ്മതിയും പ്രതിച്ഛായയും ഗുഡ്‌വില്ലും മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനത്തിലൂടെ അദ്ദേഹം നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
കൈക്കൂലിക്കാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും കള്ളനോട്ടുകാരുടെയും കൈവശമുണ്ടായിരുന്ന കുറേ കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ട് നിയന്ത്രണത്തിന് ഒരുപക്ഷേ കഴിഞ്ഞിട്ടുണ്ടാകാം. (ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ എത്തിയിട്ടുള്ള 500/1000 രൂപ നോട്ടുകളുടെ എണ്ണം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ അവസാന വാക്ക് പറയാന്‍ പറ്റൂ). പക്ഷെ, പുതുതായി കള്ളപ്പണം ഉണ്ടാക്കാനും ആ കള്ളപ്പണം തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും ഇന്നും സാധിക്കുന്നു. അഴിമതിക്കാരും കൈക്കൂലിക്കാരും പഴയ നോട്ട് നിരോധിച്ചുകഴിഞ്ഞിട്ടും കൈക്കൂലി വാങ്ങല്‍ നിറുത്തിയിട്ടില്ല. ഇന്നും അത് തുടരുന്നു. മുമ്പ് പലവിധത്തിലും കള്ളപ്പണം ഉണ്ടാക്കി സംഭരിച്ചുവച്ചുകൊണ്ടിരുന്നവരെല്ലാം അവരുടെ പണി അഭംഗുരം തുടരുന്നു. ഇതിനെല്ലാം തടസ്സമുണ്ടാക്കുന്ന നീക്കങ്ങള്‍കൂടി നടത്തിയിരുന്നെങ്കില്‍! നിയമങ്ങള്‍ ലഘൂകരിച്ച് സുതാര്യമായ തീരുമാനങ്ങളെടുക്കാന്‍ പറ്റിയ സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞാല്‍ കൈക്കൂലി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നഷ്ടപ്പെടും. പിടിയിലകപ്പെടുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ വളരെവേഗത്തില്‍ നല്‍കാനുള്ള നിയമങ്ങളും വേണം. അതുപോലെതന്നെ രാഷ്ട്രീയകക്ഷികളുടെ നിധിശേഖരണത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ഇന്ന് 20,000 രൂപവരെയുള്ള സംഭാവനകള്‍ ഊരുംപേരും പറയാതെതന്നെ രാഷ്ട്രീയകക്ഷികളുടെ കണക്കില്‍ സ്വീകരിച്ചു വെളുപ്പിച്ചെടുക്കുന്നു. ഈ വിഷയങ്ങളില്‍ ഇപ്പോള്‍ നടപടിയൊന്നും എടുത്തിട്ടില്ല. അവിടെയെല്ലാം കള്ളപ്പണം തുടര്‍ന്ന് സംഭരിക്കപ്പെട്ടുവരുന്നു എന്നതാണ് സത്യം.
പ്രധാനകാര്യങ്ങളില്‍ അവധാനതയോടെ ശാന്തമായി ചിന്തിച്ച് വിവരമുള്ളവരുടെയും ഉത്തരവാദിത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ കേട്ട് മാത്രം തീരുമാനമെടുക്കുന്ന ആളാണ് താന്‍ എന്ന് പ്രധാനമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണം.
തിരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കണമെന്നും അതിനുവേണ്ടി സംസ്ഥാന നിയമസഭകളുടെയും ലോക്‌സഭയുടെയും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുതന്നെ നടത്തണം എന്നൊരു അഭിപ്രായവും നരേന്ദ്ര മോദി പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഒഴുക്കന്‍ പ്രസ്താവനകളോടെ അവസാനിപ്പിക്കാതെ നിലവിലുള്ള നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്തിച്ചുമാത്രം തീരുമാനമെടുക്കണം. തിരഞ്ഞെടുപ്പ് ചെലവ് ചുരുക്കണമെങ്കില്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്ന പ്രചരണ ഉപാധികളില്‍ ഏറ്റവും ചെലവേറിയവയായ ലൗഡ്‌സ്പീക്കര്‍ ഘടിപ്പിച്ച വാഹനങ്ങളിലുള്ള പ്രചരണങ്ങളും, വന്‍ പൊതുയോഗങ്ങളും നിരോധിക്കുക. അച്ചടിച്ച നോട്ടീസുകളും ഹാളുകള്‍ക്കകത്തുള്ള യോഗങ്ങളും വഴിയായി ഒരു സ്ഥാനാര്‍ത്ഥിയെപ്പറ്റിയുള്ള വിവരങ്ങള്‍, അദ്ദേഹത്തിന്റെ പശ്ചാത്തലം, പ്രവൃത്തി പരിചയം, ട്രാക്ക് റെക്കാര്‍ഡ്, വാഗ്ദാനം ചെയ്യുന്ന പുതിയ കാര്യങ്ങള്‍ ഇവയ്‌ക്കെല്ലാം ആവശ്യമായ പ്രചരണം നല്‍കാന്‍ സാധിക്കുമല്ലോ.
പുതിയ കള്ളപ്പണം ഉണ്ടാക്കിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടച്ചുകൊണ്ടും പിടിപെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും എല്ലാ വിഷയത്തിലും സുതാര്യമായ തീരുമാനങ്ങളെടുക്കാനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടും പ്രധാനമന്ത്രി തന്റെ പ്രതിച്ഛായ നന്നാക്കിയെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം 500/100/50 രൂപാ നോട്ടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടിച്ച് ആവശ്യമുള്ളിടത്തോളം ബാങ്ക് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍കൂടി നടപടിയെടുക്കേണ്ടത് അത്യാവശ്യം.
