ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു.

06:21 Pm 9/2/2017
download (9)
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. വര്‍ഗീയ സംഘര്‍ഷം നടന്ന മുസഫര്‍നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലേക്ക് ശനിയാഴ്ചയാണ് ആദ്യഘട്ടത്തില്‍ വോട്ടടുപ്പ്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തിന് മുസ്ളീം ശക്തികേന്ദ്രങ്ങളില്‍ മേല്‍കൈ കിട്ടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പ്രവചിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കാം പരാമര്‍ശവും അതിന് തിരിച്ചടി നല്‍കി അഖിലേഷ്- -രാഹുല്‍ സഖ്യത്തിന്‍റെ ആക്രമണവും ഇതിനെല്ലാം അപ്പുറത്ത് മുസ്ളീം– ദളിത് കാര്‍ഡ് പുറത്തിറക്കി മായാവതിയും വാശിയേറിയ പ്രചരണമായിരുന്നു പടിഞ്ഞാറന്‍ യുപിയില്‍ നടത്തിയത്. ജാട്ട്– മുസ്ളീം സംഘര്‍ഷം നടന്ന മുസഫര്‍നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളില്‍ 2012ല്‍ 24 വീതം സീറ്റ് ബിഎസ്പിക്കും, ബിജെപിക്ക് 11 സീറ്റും കിട്ടി. കോണ്‍ഗ്രസിന് അഞ്ചും ആര്‍എല്‍ഡിക്ക് ഒമ്പത് സീറ്റും ലഭിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഭൂരിഭാഗം സീറ്റും ബിജെപി പിടിച്ചു. മുസ്ളീം വോട്ടുകള്‍ വോട്ടുകള്‍ ഭിന്നിച്ചതും, ഹിന്ദുവോട്ടുകളില്‍ ഏകീകരണം ഉണ്ടായതുമാണ് ബിജെപിക്ക് അന്ന് കരുത്തായത്. ഇത്തവണ അതെ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിച്ചേക്കില്ലെന്ന പ്രതീക്ഷയിലാണ് എസ് പി-കോണ്‍ഗ്രസ് ക്യാമ്പുകള്‍.
പ്രചരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വികസനം പറഞ്ഞപ്പോള്‍ അമിത്ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ രാമക്ഷേത്രവും, മുത്തലഖും, കൈരാനയിലെ പലായനവും ഒക്കെ വിഷയമാക്കി. മുസ്ളീം ശക്തികേന്ദ്രങ്ങളില്‍ അഖിലേഷ്– രാഹുല്‍ കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. മുസ്ളീം വോട്ടുകളില്‍ കണ്ണുവെച്ച് മായാവതിയും കരുക്കള്‍ നീക്കി. പടിഞ്ഞാറന്‍ യുപിയില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കാനായില്ലെങ്കില്‍2012ലെ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ എസ്പിയും ബിഎസ്പിയും അടുത്ത ഘട്ടങ്ങളില്‍ ഒരുപാട് വിയര്‍ക്കും. അതേസമയം എസ്പിക്കും ബിഎസ്പിക്കും ഇടയില്‍ മത്സരം നടന്ന് മുസ്ളീം വോട്ടുകള്‍ ഭിന്നിച്ചാല്‍ ബിജെപിക്ക് വലിയ അനുഗ്രഹവുമാകും. രണ്ട് കോടി 57 ലക്ഷം വോട്ടര്‍മാരാണ് 73 മണ്ഡലങ്ങളിലായി വിധി നിര്‍ണയിക്കുക. ഇതില്‍ 24 ലക്ഷത്തി 25,000 പേര്‍ കന്നി വോട്ടര്‍മാരാണ്. വോട്ടെപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ നസീം സെയ്ദി കഴിഞ്ഞ ദിവസം ലക്നൗവില്‍ എത്തിയിരുന്നു.