ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നാളെ.

09:08 am 18/2/2017
images (6)

ലഖ്നോ: നാളെ മൂന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ആവേശക്കൊടുമുടി കയറിയ പ്രചാരണത്തിന് കൊട്ടിക്കലാശം. 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണ്ഡലങ്ങള്‍ ഇളക്കിമറിച്ച പ്രചാരണം.

നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ ദുരിതവും സംസ്ഥാന സര്‍ക്കാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളുമായിരുന്നു എസ്.പി- കോണ്‍ഗ്രസ് സഖ്യം ഉയര്‍ത്തിക്കാട്ടിയത്. അഖിലേഷ് ഭരണത്തിലെ അഴിമതിയും അക്രമങ്ങളുമായിരുന്നു മോദിയുടെ പ്രചാരണായുധം. പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യം വെച്ചും ആരോപണ- പ്രത്യാരോപണങ്ങളുണ്ടായി.

മായാവതിയെ വിശ്വസിക്കാനാകില്ളെന്നും അടുത്ത സര്‍ക്കാറുണ്ടാക്കാന്‍ വേണങ്കെില്‍ അവര്‍ ബി.ജെ.പിക്കൊപ്പം ചേരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍, മറ്റാരുമായും ചേരുന്നതിനുപകരം പ്രതിപക്ഷത്തിരിക്കാനാണ് താല്‍പര്യമെന്ന് മായാവതി മറുപടിയും നല്‍കി.

അഖിലേഷുമായി ഇടഞ്ഞുനില്‍ക്കുന്ന മുലായം സിങ് യാദവിന്‍െറ രംഗപ്രവേശമായിരുന്നു മൂന്നാംഘട്ട പ്രചാരണത്തിന്‍െറ മറ്റൊരു സവിശേഷത. ആദ്യ രണ്ടുഘട്ടങ്ങളിലെ പ്രചാരണത്തില്‍ കാണാമറയത്തായിരുന്ന മുലായം സഹോദരന്‍ ശിവ്പാല്‍ യാദവ്, മരുമകള്‍ അപര്‍ണ യാദവ് എന്നിവര്‍ക്കുവേണ്ടിയാണ് രംഗത്തിറങ്ങിയത്. എസ്.പിയുടെ മറ്റു സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മുലായം എത്തിയതുമില്ല.

2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ 55 എണ്ണവും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ഫെബ്രുവരി 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് അടുത്ത ഘട്ടങ്ങള്‍. മാര്‍ച്ച് 11ന് വോട്ടെണ്ണും.