ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ.

10:43 am 10/2/2017

images (1)

ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് 11ന് ബൂത്തിലേക്ക് നീങ്ങുന്നത്. ആഭ്യന്തര കലഹങ്ങളില്‍ വലഞ്ഞ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറുവശത്ത് സംസ്ഥാന ഭരണം പിടിക്കാന്‍ കച്ചകെട്ടി ബി.ജെ.പിയും മായാവതിയുടെ ബി.എസ്.പിയും രംഗത്തുണ്ട്.

ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന്‍െറ ചൂടും ചൂരുമാണ്. ഒന്നാംഘട്ടത്തിലെ 73ല്‍ 18 സീറ്റിലും ബി.എസ്.പി മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍. എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 സീറ്റുകളില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണയകമായ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്നതില്‍ പലതും. മുസഫര്‍ നഗര്‍, ശാംലി, മീറത്ത്, ഭാഗ്പത്, ഇറ്റ, ആഗ്ര, ഗൗതംബുദ്ധ് നഗര്‍, മഥുര എന്നിവിടങ്ങളിലെ മത്സരങ്ങള്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഈ മണ്ഡലങ്ങളിലെ വോട്ടിന്‍െറ ചായ്വ് വരാന്‍പോകുന്ന ആറ് ഘട്ടങ്ങളിലെയും വോട്ടെടുപ്പിന് നിര്‍ണായകമാണ്.

ദലിത്-മുസ്ലിം ഐക്യ വോട്ടുകളിലാണ് ബി.എസ്.പി ഊന്നുന്നതെങ്കില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യം ബി.ജെ.പിക്കെതിരെ മതേതര വോട്ടുകളാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പിയാകട്ടെ 15 വര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചത്തൊന്‍ പഴുതടച്ചുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ച 80ല്‍ 71 സീറ്റിലും ജയംനേടിയതില്‍നിന്ന് ഒട്ടും പിന്നാക്കം പോകാതിരിക്കാനുള്ള കൊണ്ടുപിടിച്ച യത്നത്തിലുമാണവര്‍.