08:38 pm 19/2/2017
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്. വൈകിട്ട് ആറുവരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് ബരാബങ്കിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. സീതാപൂരും കനൗജും പിന്നിലെത്തി. ചിലയിടങ്ങളിൽ വെടിവയ്പും കല്ലേറും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചില്ല.
12 ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2.41 കോടി വോട്ടർമാരിൽ 60 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. 826 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയതത്.
എസ്പി ആഭ്യന്തര യുദ്ധത്തിൽ അഖിലേഷ് യാദവിന്‍റെ എതിർ ചേരിക്കാരനും മുലായം സിംഗിന്‍റെ സഹോദരനുമായ ശിവപാൽ യാദവാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിലെ പ്രധാനി. ജസ്വന്ത് നഗറിൽനിന്നാണ് ശിവപാൽ ജനവിധി തേടിയത്. എസ്പി നേതാവ് നരേഷ് അഗർവാളിന്‍റെ മകൻ നിഥിൻ അഗർവാൾ, ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന മുൻ ബിഎസ്പിക്കാരൻ ബ്രിജേഷ് പഥക്, കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറിയ റിത ബഹുഗുണ ജോഷി, മുലായം സിംഗിന്‍റെ മരുമകൾ അപർണ യാദവ് തുടങ്ങിയവ പ്രമുഖരും ഇന്നു മത്സരരംഗത്തുണ്ടായിരുന്ന പ്രധാനികളാണ്.