ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ

08:53 am 25/4/2017

– ഈപ്പന്‍ ചാക്കോ

നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്. ന്യൂയോര്‍ക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികള്‍ക്ക് ജോലിയില്‍ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേര്‍ന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവര്‍ പല വഴിയായ് വേര്‍പിരിഞ്ഞു.

യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒരു ദിവസം ഒറ്റപ്പെട്ടപ്പോള്‍ വീണ്ടും കണ്ടുമുട്ടാനും സൗഹ്രുദങ്ങള്‍ പങ്കിടാനുമുള്ള ഒരു വേദിയെപ്പറ്റി ചിന്തിച്ചു. അങ്ങനെ ന്യൂയോര്‍ക്ക് നഗരത്തിലെ ഗതാഗത ചുമതല നിക്ഷിപ്തമായിരുന്നവര്‍ സ്വതന്ത്രരായപ്പോള്‍ അവരുടെ വിനോദത്തിനും മാനസികോല്ലാസ്സത്തിനുമായി ദ്വി-മാസ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഓര്‍മ്മകളുടെ പുസ്തകത്താളുകള്‍ മറിച്ച് സുഹൃത്തുക്കള്‍ അവരുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അയവിറക്കി. ഓരോ സംഗമവേദികളിലും നിറഞ്ഞ സൗഹ്രുദത്തിന്റെ നിലവിളക്കുകള്‍ തെളിഞ്ഞു നിന്നു. ഒരിക്കല്‍ മറ്റുള്ളവരുടെ യാത്ര സൗജര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നവര്‍ സ്വയം മനോരഥങ്ങള്‍ ഇറക്കി ഒരു ഉല്ലാസയാത്രക്ക് ഒരുങ്ങുന്നതില്‍ ആവേശഭരിതരായി.

ഇനിയും പേരിടാത്ത ഒരു സൗഹൃദ കൂട്ടായ്മ അങ്ങനെ ആരംഭിക്കുകയും ഏപ്രില്‍ 19-നു ഒരു മണിക്ക് ക്വീന്‍സിലെ ടെയ്‌സ്റ്റ് ഒഫ് കൊച്ചിന്‍ റസ്‌റ്റോറന്റില്‍ വച്ച് ഔപചാരികമായി എല്ലാവരും ഒത്തുചേരുകയും ചെയ്തു. തദവസരത്തില്‍ വിശ്രമജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, പ്രവാസികളായ നമ്മള്‍ക്ക് നമ്മുടെ നാട് സന്ദര്‍ശിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചൊക്കെ അറിവുള്ളവര്‍ ബോധവല്‍ക്കരണ പ്രസംഗങ്ങള്‍ നടത്തി. ഓരോ യോഗത്തിലും എല്ലാവര്‍ക്കും പ്രയോജനകരവും, സന്തോഷകരവുമായ വിഷയങ്ങളെക്കുറിച്ച് ക്ഷണിക്കപ്പെട്ട അതിഥികള്‍ സംസാരിക്കും.

ഈ കൂട്ടായ്മയിലേക്ക് ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എല്ലാവര്‍ക്കും സ്വാഗതം അരുളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഃ പൗലോസ് അരികുപ്പുറം 516 302 3407, ഈപ്പന്‍ ചാക്കോ (ജുഞ്ഞുമോന്‍) 516 849 2832.
ഈപ്പന്‍ ചാക്കോ അറിയിച്ചതാണിത്.