ഉമ്മൻ ചാണ്ടി വീണ്ടും സോളാർ കമീഷനിൽ

01:44 pm 23/12/2016
download (1)
കൊച്ചി: പറയാനുള്ള കാര്യങ്ങൾ സോളാർ കമീഷനോട് നേരത്തെ തന്നെ പറഞ്ഞതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അറിയാവുന്ന എല്ലാ കാര്യവും കമീഷന് മുന്നിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ കമീഷനിൽ ഹാജരായപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

മുഖ്യമന്ത്രിയായിരിക്കെ ജനുവരി 25ന് ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് എത്തി കമീഷന്‍ 14 മണിക്കൂറോളം മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇക്കുറി കമീഷന്‍ ആസ്ഥാനത്ത് ഹാജരാകാൻ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

അതേസമയം, സരിത എസ്. നായര്‍ തുടര്‍ച്ചയായി അവധി അപേക്ഷ നല്‍കി പ്രകോപിപ്പിച്ചതോടെ ഇനി സരിതയുടെ മൊഴി വേണ്ടെന്ന് അന്വേഷണ കമീഷന്‍ തീരുമാനിച്ചു. തനിക്ക് ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഒരവസരംകൂടി നല്‍കണമെന്നും സരിതതന്നെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് കഴിഞ്ഞ 19ന് മൊഴി നല്‍കാന്‍ സരിതക്ക് തീയതി നല്‍കി. എന്നാല്‍, അന്ന് അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കാന്‍ വ്യാഴാഴ്ച നിശ്ചയിക്കുകയും ഇത് അവസാന അവസരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, വ്യാഴാഴ്ചയും സരിത അവധി അപേക്ഷ നല്‍കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയശേഷം അതില്‍നിന്ന് ലഭിക്കുന്ന കാര്യങ്ങള്‍കൂടി ചേര്‍ത്ത് മൊഴി നല്‍കാനുള്ള തന്ത്രമാണ് സരിതയുടേതെന്ന ധാരണ അഭിഭാഷകര്‍ക്കിടയിലും മറ്റും പരക്കുകയും ചെയ്തു. ഇതിനിടെയാണ് സരിതക്ക് ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് കമീഷന്‍ തീരുമാനിച്ചത്.

സരിതയെ 18 തവണയാണ് വിസ്തരിച്ചത്. ഓരോ വിസ്താരത്തിന് മുമ്പും പലതവണ അവധി അപേക്ഷ നല്‍കിയും തീയതി മാറ്റിയും വിസ്താരത്തിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചുമൊക്കെ സരിത മൊഴി നല്‍കല്‍ പരമാവധി വലിച്ചിഴക്കുകയായിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട പലരും ഇത്തരത്തില്‍ അവധി അപേക്ഷയും മറ്റുമായി പരമാവധി സമയമെടുത്തതോടെ കമീഷന്‍െറ കാലാവധിയും അനന്തമായി നീണ്ടു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശവുമായി യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ശിവരാജന്‍ കമീഷന്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തനം തുടരുകയുമാണ്.

മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘാംഗം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എന്‍. പ്രസന്നന്‍ നായരെ വ്യാഴാഴ്ച വിസ്തരിച്ചു. ശ്രീധരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയെ സരിതയോടൊപ്പം സന്ദര്‍ശിച്ചിരുന്നോ എന്നാണ് അഭിഭാഷകര്‍ മുഖ്യമായി ആരാഞ്ഞത്. ഇക്കാര്യം തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ഉമ്മന്‍ ചാണ്ടിയുടെ മൊഴി താനും എ.ഡി.ജി.പിയും ചേര്‍ന്നാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹത്തിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ സലിംരാജിന്‍െറയും ജിക്കുമോന്‍െറയും മൊഴി രേഖപ്പെടുത്തിയപ്പോള്‍ അവരുടെ ഫോണില്‍നിന്ന് ഉമ്മന്‍ ചാണ്ടി സരിതയുമായി സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി.