ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി

09:06 pm 24/9/2016
images (1)
കോഴിക്കോട്: ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായി വരുന്നത്. അഫ്ഗാനായാലും ബംഗ്ലാദേശായാലും എവിടെ ഭീകരവാദികൾ എന്ത് ചെയ്താലും ഈ രാജ്യത്തിൻെറ പേര് പറയുന്നു. അതല്ലെങ്കിൽ ഉസാമ ബിൻ ലാദനെപ്പോലുള്ളവർക്ക് അവർ അഭയം നൽകുന്നു. ഭീകരവാദത്തിന് മുന്നിൽ ഭാരതം മുട്ടു മടക്കില്ല. ഉറി ഭീകരാക്രമണത്തിൽ നമ്മുടെ ജവാന്മാർ കൊല്ലപ്പെട്ടു. ഒരു കാര്യം അവരോർക്കണം. ഭാരതം ഇത് ഒരിക്കലും മറക്കില്ല. ഇതിന് അതിൻറേതായ രീതിയിൽ മറുപടി പറയുമെന്നും മോദി വ്യക്തമാക്കി.

17 തവണകളിലായി അതിർത്തി കടക്കാൻ ഭീകരർ ശ്രമിച്ചു. നമ്മുടെ സൈന്യം അതിനെ സമർത്ഥമായി നേരിട്ട് പരാജയപ്പെടുത്തി. ഇക്കാലയളവിനിടെ 110 ഒാളം ഭീകരവാദികളെ വധിക്കാൻ ഇന്ത്യക്ക് ആയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സൈന്യം പരിശ്രമം നടത്തുകയാണ്. 125 കോടി ജനങ്ങൾ സൈന്യത്തിൻെറ പരിശ്രമത്തെ ഒാർക്കുന്നു. ആയിരം വർഷം യുദ്ധം ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് ആ രാജ്യം പറയുമായിരുന്നു. അവരുടെ വീര്യം എവിടെപ്പോയി. അവിടെത്തെ നേതാവ് ഭീകരവാദികൾ എഴുതിക്കൊടുത്ത കത്ത് വായിക്കുകയാണ്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല. പാക് ഭീകരത തുറന്നു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.

ഞാൻ പാകിസ്താൻ ജനതയോട് സംസാരിക്കാൻ ആഗ്രഹിക്കുകയാണ്. 1947ന് മുമ്പ് ഒരുമിച്ച് നിന്നാണ് നിങ്ങളുടെ പൂർവീകർ ഈ നാടിനോട് പെരുമാറിയിരുന്നത്. പാക് അധീന കശ്മീർ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, ബംഗ്ലാദേശ് നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, സിന്ധ്, ഗിൽജിത്ത്, ബലൂചിസ്താൻ എന്നിവയും നിങ്ങളുടെ നിയന്ത്രണത്തിലല്ലേ. ഇവിടെ നേരായ രീതിയിൽ കൊണ്ട് പോകാൻ സാധിക്കാത്ത നിങ്ങൾ പിന്നെ എന്തിനാണ് കശ്മീരിൻെറ പേര് പറഞ്ഞ് ഞങ്ങളെ വിഡ്ഢികളാക്കുന്നത്. 1947ൽ നമ്മൾ ഒരേ സമയം പിറന്നവരാണ്. ഞങ്ങൾ ഇപ്പോൾ സോഫ്റ്റ് വെയർ കയറ്റുമതി നടത്തുമ്പോൾ നിങ്ങൾ ഭീകരത കയറ്റുമതി ചെയ്യുന്നു. രണ്ടു രാജ്യങ്ങളിലേയും പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാനുള്ള യുദ്ധത്തിലേക്ക് നമുക്കൊരുമിച്ച് നീങ്ങാൻ മോദി ആഹ്വാനം ചെയ്തു. പ്രസംഗത്തിൻെറ തുടക്കത്തിൽ രാജ്യത്തിൻെറ പേര് പറയാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പാകിസ്താൻ എന്നു എടുത്ത് പറഞ്ഞ് സംസാരിച്ചു.

മലയാളത്തിൽ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്. സാമൂതിരിയെയും കുഞ്ഞാലിമരക്കാരെയും മോദി മലയാളത്തിൽ അനുസ്മരിച്ചു. മലയാളികളെ വാനോളം പുകഴ്ത്തിയ മോദി കേരളീയനെ ലോകം ആദരവോടെ കാണുന്നതായി വ്യക്തമാക്കി. പ്രവാസികളെ സംബന്ധിച്ച പ്രശ്നങ്ങൾ അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളത്തിലെ നഴ്സുമാരെ തട്ടിക്കൊണ്ട് പോയ സാഹചര്യം ഉണ്ടായപ്പോൾ കേന്ദ്രസർക്കാറാണ് അവരെ മോചിപ്പിച്ചതെന്നും മോദി പറഞ്ഞു.

കേരളത്തിൽ ബി.ജെ.പി അടുത്തതവണ അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷൻ അമിത്ഷാ വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ വർധിച്ചു. സർക്കാർ സ്പോൺസേഡ് അതിക്രമങ്ങൾ തടയണം. കേരളത്തിന് അപമാനമാണിതെന്നും അമിത്ഷാ വ്യക്തമാക്കി.