07:40 am 21/4/2017
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടത്. ഈ മാസം 14നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഗിട്ടികദം സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്കു മുൻപരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കൾക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകണമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭഗത് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചത്. എന്നാൽ എംഎൽഎ ഹോസ്റ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത് ഇയാൾ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ എത്തിച്ച് രജതും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ എന്ന വ്യാജേനയാണ് ഭഗതും രജതും എംഎൽഎ ഹോസ്റ്റലിൽ മുറി തരപ്പെടുത്തിയത്. കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.