എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സ്വീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

02.02 AM 20-07-2016
damodaran.jpg.image.784.410
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സ്വീകരിച്ചിട്ടില്ലെന്നും പദവി ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എം.കെ. ദാമോദരന്റെ നിയമനത്തിനെതിരേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്.
എം.കെ. ദാമോദരന്‍ പദവി സ്വീകരിച്ചിട്ടില്ലെങ്കിലും അഡ്വക്കേറ്റ് ജനറലിനു പുറമേ നിയമോപദേ ഷ്ടാവിനെ നിയമിച്ചതു നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് അറിയിക്കണമെന്ന് നിര്‍ദേശിച്ച് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഈ മാസം 21 ലേക്ക് മാറ്റി.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂണ്‍ ഒമ്പതിന് ഉത്തരവിറക്കിയെങ്കിലും എം.കെ. ദാമോദരന്‍ ചുമതല ഏറ്റിട്ടില്ലെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡി.എജി ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ച് ഈ വാദം അംഗീകരിച്ചു. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട വ്യക്തി ചുമതലയേല്‍ക്കാന്‍ തയാറല്ലെന്നിരിക്കെ, ആ നിയമനത്തെ എങ്ങനെ ചോദ്യം ചെയ്യുമെന്ന് ഒരുദാഹരണമെന്ന നിലയ്ക്ക് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
പക്ഷേ സര്‍ക്കാരിനു നിയമോപദേശം നല്‍കാന്‍ എജി ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രിക്ക് മറ്റൊരു ഉപദേശകന്‍ എന്തിനാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഡ്വ. എസ്. ഗോപകുമാരന്‍ നായര്‍ ആരാഞ്ഞു. ഒരാള്‍ നിയമോപദേശകനെ വയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നും അതില്‍ അപാകതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. എജിക്കു പുറമേ നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.
മുഖ്യമന്ത്രി ചുമതല ഒഴിയുന്നതുവരെ അദ്ദേഹത്തിനു വേണ്ടി നിയമോപദേഷ്ടാവിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അഡ്വ. എം.കെ. ദാമോദരനെ പദവിയിലേക്ക് നിയമിക്കുന്നുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഈ വാദത്തോടു ഡിവിഷന്‍ ബെഞ്ച് യോജിച്ചു. ഒരു വിഷയത്തില്‍ എജിയും നിയമോപദേഷ്ടാവും വ്യത്യസ്ത നിലപാടു സ്വീകരിച്ചാല്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. തുടര്‍ന്നാണ് വിശദീകരണം തേടി മാറ്റിയത്.
നിയമോപദേഷ്ടാവ് പദവി സംബന്ധിച്ച് വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കുമ്മനം രാജശേഖരന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.