എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല: കലക്ടര്‍ പ്രശാന്ത്

09:59am 04/07/2016
prashant nair 1
കോഴിക്കോട്: ഒടുവില്‍ ഒറിജിനല്‍ മാപ്പുമായി കലക്ടര്‍ എന്‍. പ്രശാന്ത്. പ്രശാന്ത് നായര്‍ എന്ന പേഴ്സനല്‍ ഫേസ്ബുക് അക്കൗണ്ടിലാണ് തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമചോദിച്ച് കലക്ടര്‍ ശനിയാഴ്ച രാത്രി 10.20ഓടെ പോസ്റ്റിട്ടത്. എം.കെ. രാഘവന്‍ എം.പിയുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ലബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായിത്തന്നെ പറഞ്ഞുതീര്‍ക്കണമെന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കുന്നു. തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമചോദിക്കുന്നുവെന്നും ഒൗദ്യോഗിക കാര്യങ്ങളില്‍ നിയമപരമായിത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കലക്ടറുടെ ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണ രൂപം:

‘ഇത് എന്‍െറ സ്വകാര്യ ഫേസ്ബുക് പേജാണ്. മറ്റേതൊരു പൗരനെയും പോലെ, ഒരു ശരാശരി മലയാളിയെപ്പോലെ, ഞാനും സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും പല കാര്യങ്ങളും പങ്കുവെക്കുകയും ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം. കോഴിക്കോട് എം.പി എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ലബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായി തന്നെ പറഞ്ഞുതീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു. എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലുമൊക്കെ ഏറെ ഉന്നതിയിലുള്ള എം.പിയോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല. ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും അവിവേകിയെന്നും അധാര്‍മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്തുമാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍തന്നെയാണ് പൂര്‍ണമായും ഉത്തരവാദി എന്നു പറയാന്‍ എനിക്ക് മടിയില്ല. ചില കാര്യങ്ങളില്‍ ചില സന്ദര്‍ഭങ്ങളില്‍ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ളോ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നുതന്നെയാണ് എന്‍െറ ആഗ്രഹം. അദ്ദേഹത്തിന്‍െറ മനസ്സിന് വിഷമം തോന്നിച്ച, എന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഒൗദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്‍െറ വിശ്വാസം, കോഴിക്കോടിനുവേണ്ടി’.

കലക്ടര്‍-എം.പി പ്രശ്നം രൂക്ഷമായതോടെ ഞായറാഴ്ച സാംസ്കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപ്പെട്ടിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇരുവര്‍ക്കും കത്തും നല്‍കിയിരുന്നു. എം.ജി.എസ്. നാരായണനും ഞായറാഴ്ച കലക്ടറുടെ നിലപാടിനെതിരെ രംഗത്തത്തെിയിരുന്നു. പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലാണ് വെടിനിര്‍ത്തല്‍ എന്നരീതിയില്‍ ഞായറാഴ്ച രാത്രിയോടെ കലക്ടറുടെ മുമ്പത്തെ ‘കുന്നംകുളം മാപ്പിന്’ ഒറിജിനല്‍ മാപ്പ് തന്നെ ഇട്ടത്. കലക്ടറുടെ ക്ഷമാപണത്തോടെ പ്രതിഷേധം അവസാനിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.