08:20 pm 2/3/2017
ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസുമായി ബന്ധപ്പെട്ട് ജയിലിലായെങ്കിലും എഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വി.കെ.ശശികല തുടരുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് എ.നവനീതകൃഷ്ണൻ. ശശികലയെ പാർട്ടി ഏകകണ്ഠമായാണ് നേതൃസ്ഥാനത്ത് അവരോധിച്ചതെന്നും ഇപ്പോൾ അവരെ സ്ഥാനത്തുനിന്നു മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിന്നമ്മ(ശശികല)യെ പാർട്ടിയുടെ ജനറൽ കൗണ്‍സിൽ കൂടിചേർന്നാണ് ജനറൽ സെക്രട്ടറിയായി അവരോധിച്ചത്. വിധി പുറത്തുവന്നശേഷമല്ല അവർ സ്ഥാനത്തെത്തുന്നത്. ചിന്നമ്മയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവമടക്കം പങ്കെടുത്തിരുന്നു- രാജ്യസഭാ എംപി കൂടിയായ നവനീതകൃഷ്ണൻ ചൂണ്ടിക്കാട്ടി. ശശികലയ്ക്ക് സ്ഥാനത്തു തുടരുന്നതിന് നിയമപരമായ അയോഗ്യതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
66 കോടി രൂപയുടെ അനധികൃത സ്വത്തുസന്പാദന കേസിൽ കോടതി തടവുശിക്ഷയ്ക്കു വിധിച്ച ശശികലയെ ഇപ്പോൾ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലാണ് പാർപ്പിച്ചിരിക്കുന്നത്.