എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി

06:50 am 29/12/2016

images (2)
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കേണ്ട ഐ.എക്സ് 412ാം നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പോകുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരില്‍ വൃദ്ധരും ഗര്‍ഭിണികളും കുട്ടികളും അടിയന്തിരമായി നാട്ടിലേക്ക് എത്തേണ്ടവരും ഉണ്ടായിരുന്നു. കൊച്ചി വിമാന താവളത്തില്‍ ഇവരെ കൂട്ടാനായി വന്നവര്‍ മണിക്കൂറുകളോളമാണ് ഉറ്റവരെ കാത്ത് വിമാന താവളത്തിന് പുറത്ത് നിന്നത്. ബദല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് ആദ്യം ചെവികൊടുക്കാതിരുന്ന അധികൃതര്‍ യാത്രക്കാര്‍ സംഘടിച്ച് ബഹളം വെച്ച് ആവശ്യമുന്നയിച്ചതോടെ വഴങ്ങി. അര്‍ധരാത്രി മുതല്‍ വിമാനതാവളത്തില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വൈകീട്ട് 6.30നാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശക വിസയിലത്തെിയവര്‍ക്ക് വിമാന താവളത്തില്‍ തന്നെ കഴിച്ച് കൂട്ടേണ്ട ഗതികേടാണ്. എല്ലാവര്‍ക്കും ഭക്ഷണം ലഭിച്ചതായി യാത്രക്കാരിലൊരാളായ ലിജു പറഞ്ഞു. കാലവസ്ഥയല്ല ജീവനക്കാരുടെ കുറവാണ് വിമാനം വൈകാന്‍ കാരണമെന്നാണത്രെ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പുലര്‍ച്ചെ അനുഭവപ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞ് വ്യാഴാഴ്ച വീണ്ടും വില്ലനായി എത്താതിരുന്നാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് യാത്രക്കാര്‍.