എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും

02.35 PM 08/01/2017
mial-img1
ന്യൂഡൽഹി: വിമാനത്തിൽ കൈവിലങ്ങുകൾ കരുതാൻ എയർ ഇന്ത്യയുടെ തീരുമാനം. കുറച്ചുദിവസങ്ങൾക്കിടെ രണ്ട് വനിതകൾ വിമാനത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ തീരുമാനം. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സന്ദർഭങ്ങളിൽ കൈവിലങ്ങുകൾ പ്രയോഗിക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനി പറഞ്ഞു.

രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങൾ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കും. രണ്ടുസെറ്റ് കൈവിലങ്ങുകളാണ് സൂക്ഷിക്കുന്നത്– അശ്വനി ലൊഹാനി പറഞ്ഞു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഡിസംബർ 21ന് മുംബൈയിൽനിന്ന് യുഎസിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെ സഹയാത്രികൻ കടന്നുപിടിച്ചിരുന്നു. ജനുവരി രണ്ടിന് മസ്ക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ എയർഹോസ്റ്റസിനുനേരെയും ലൈംഗികാതിക്രമം ഉണ്ടായി. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് എയർ ഇന്ത്യ കടക്കുന്നത്.