എസ്എന്‍ഡിപിയുടെ പ്രതിഷേധ സംഗമം ഇന്ന്

09:04am 09/7/2016

download (8)
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടുണെ്ടന്നു കണെ്ടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടപടിക്കൊരുങ്ങവേ സമുദായതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്എന്‍ഡിപി ഒരുങ്ങുന്നു.

യോഗത്തിന്റെ കീഴിലെ യൂണിയനുകളെയും ശാഖായോഗങ്ങളെയും അണിനിരത്തി വിജിലന്‍സ് നീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കാനാണ് എസ്എന്‍ഡിപി തീരുമാനം. ഇതിന്റെ തുടക്കം ഇന്ന് ആലപ്പുഴയില്‍ നടക്കും.

രാവിലെ ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ ചേരുന്ന നേതൃയോഗത്തിനു ശേഷം വൈകുന്നേരം ഇഎംഎസ് സ്റ്റേഡിയത്തില്‍ എസ്എന്‍ഡിപി നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.

അമ്പലപ്പുഴ യൂണിയന്‍ ഓഫീസിനു സമീപത്തെ കിടങ്ങാംപറമ്പ് മൈതാനിയില്‍നിന്നു നടക്കുന്ന പ്രതിഷേധ പ്രകടനത്തിനു ശേഷമാണു സംഗമം നടക്കുക. ജില്ലയിലെ മുഴുവന്‍ യൂണിയനു കീഴിലെ ശാഖായോഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് യോഗം നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതിഷേധ പരിപാടിയില്‍ ആളെ പങ്കെടുപ്പിക്കാന്‍ യൂണിയന്‍ നേതൃത്വം ശാഖാ നേതൃത്വങ്ങള്‍ക്കു ഇതിനോടകം നിര്‍ദേശം നല്കിയിട്ടുണ്ട്.

11ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. സമുദായാംഗങ്ങള്‍ക്കു സാമ്പത്തികമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതിയെ ആരോപണങ്ങളുന്നയിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ക്രൈംബ്രാഞ്ച് അന്വേഷണം അടക്കമുള്ള നീക്കങ്ങളെന്നാണു യോഗനേതൃത്വത്തിന്റെ നിലപാട്. അതേസമയം, എസ്എന്‍ഡിപിയുടെ സമരം സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ വെല്ലുവിളിക്കാനല്ലെന്നും യോഗനേതൃത്വം പറയുന്നു.

സംഭവം സംബന്ധിച്ചു സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് ഇത്തരത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന നിലപാടിലാണ് നേതൃത്വം.

അതേസമയം, മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയില്‍ വിജിലന്‍സ് അന്വേഷണം വേണമോയെന്ന വിഷയത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം അന്തിമ തീരുമാനമെടുത്തേക്കുമെന്നതാണു വിവരം.