എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

09:56am 08/07/2016
images

തിരുവനന്തപുരം:എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. 2010ലെ ഹരിത ബജറ്റിന്‍റെ തുടർച്ചയാകും ഇത്തവണത്തെ ബജറ്റ്. പങ്കാളിത്ത പെൻഷൻ പദ്ധതി തീരുമാനം ബജറ്റിനു ശേഷമായിരിക്കും ഉണ്ടാവുക. ചരക്കുസേവന നികുതി നടപ്പാക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞു. ജി.എസ്.ടി കേരളത്തിന് ഗുണകരമാണെന്ന പൊതു അവബോധം ഗുണം ചെയ്തുവെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റ് അവതരണത്തിന് പുറപ്പെടും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങൾ പാലിക്കുന്നത് എങ്ങനെ എന്നതിന്‍റെ ഉത്തരം ബജറ്റിൽ ഉണ്ടാകും. ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. വരുമാന വർധനവിന് നികുതി പിരിവ് ഊർജിതമാക്കും. യു.ഡി.എഫ് സർക്കാർ പിരിക്കാതെവിട്ട നികുതികൾ പിരിച്ചെടുക്കും. ബൃഹത് പദ്ധതികളുണ്ടാകും. നികുതിയിതര വരുമാനം വർധിപ്പിക്കാൻ നടപടികളുണ്ടാകുമെന്നും ഐസക് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകും. മുൻ സർക്കാർ ഉത്തമ വിശ്വാസത്തിൽ ഉണ്ടാക്കിയ കരാറാണ് നിലവിലുള്ളത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പിന്നീട് പരിഹരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു