02:33 pm 14/5/2017
വാഷിംഗ്ടണ്‍: പുതിയ എഫ്ബിഐ ഡയറക്ടറെ ഉടൻ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിർജിനിയയിലേക്ക് സന്ദർശനത്തിന് പോകും മുന്‍പായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ എഫ്ബിഐ ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ഡയറക്ടറായി പരിഗണിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച നടത്തുന്ന വിദേശ സന്ദർശനത്തിന് മുന്‍പ് ട്രംപ് തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ട്.
റിപ്പബ്ളിക്കന്മാരും ഡെമോക്രാറ്റുകളും ഉൾപ്പെടെ വാഷിംഗ്ടണിൽ എല്ലാവർക്കും ജെയിംസ് കോമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ബിഐ മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ട്രംപ് മാറ്റിയത്. ഡിസ്മിസ് ചെയ്യപ്പെട്ട ജെയിംസ് കോമിക്കു പകരം എഫ്ബിഐയുടെ ആക്ടിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ട ആൻഡ്രൂ മക്കാബെ ഉൾപ്പെടെ 11 പേരാണ് ഡയറക്ടറായി പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളതെന്ന് പേരു വെളിപ്പെടുത്താത്ത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

