എ.ബി.വി.പി പ്രവര്‍ത്തകരുടെ വക ബലാത്സംഗം ഭീഷിണി.

10:54 am 27/2/2017
download (2)
ന്യൂഡൽഹി: തന്നെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ‘സ്റ്റുഡന്‍റ്സ് എഗൈന്‍സ്റ്റ് എ.ബി.വി.പി’ കാമ്പയിന് തുടക്കമിട്ട ഗുര്‍മെഹര്‍ കൗര്‍. ലേഡി ശ്രീറാം കോളജ് വിദ്യാർഥിനിയും കാർഗിൽ രക്തസാക്ഷി മേജർ മൻദീപ് സിങ്ങിന്‍റെ മകളുമാണ് ഗുര്‍മെഹര്‍ കൗര്‍. ഓണ്‍ലൈന്‍ കാമ്പയിന് തുടക്കമിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും നിരവധി ഭീഷണികളാണ് ലഭിക്കുന്നതെന്ന് കൗർ വെളിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് അവരുടെ ഭീഷണി. ദേശീയതയുടെ പേരിൽ ബലാൽസംഗഭീഷണി ഉയർത്തുന്നത് ശരിയല്ലെന്നും പ്രമുഖ ദേശീയ മാധ്യമത്തേട് അവർ പ്രതികരിച്ചു.

ജെ.എ.ന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനേയും ഷെഹ് ലയേയും ഡൽഹി രാംജാസ് കോളജില്‍ എ.ബി.വി.പി വിലക്കിയതിനെ തുടർന്ന് സര്‍വകലാശാലയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയായിരുന്നു ഗുര്‍മെഹര്‍ കാമ്പെയിന് തുടക്കമിട്ടത്. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാർഥിയാണ്, പക്ഷേ എ.ബി.വി.പിയെ ഭയക്കുന്നില്ല’ എന്ന് എഴുതിയ പേപ്പര്‍ കൈകളില്‍ പിടിച്ച് കൊണ്ടുള്ള ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു കൗര്‍ പ്രതിഷേധിച്ചത്.

സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ കൗറിന് പിന്തുണയുമായി രംഗത്തെത്തി. ഇത് ബി.ജെ.പിയാണ് ഇവർ ഈ രാജ്യം നശിപ്പിക്കും. ഈ ഗുണ്ടായിസത്തിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും ഗുർമഹറിന്‍റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കെജ് രിവാൾ ട്വിറ്ററിൽ കുറിച്ചു.