ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് കാന്തപുരം.

08:10 am 26/11/2016
images (5)

കോഴിക്കോട്:രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ‘ഏക സിവില്‍ കോഡ്: ബഹുസ്വരതയെ തകര്‍ക്കരുത്’ എന്ന പേരില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) കടപ്പുറത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഗത്തിന്‍െറ ആശയം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കലാണ് വര്‍ഗീയത. നമ്മുടെ ബഹുസ്വര സംസ്കാരത്തില്‍ ആരുടെ ആശയമാണ് ഏക സിവില്‍കോഡ് വഴി നടപ്പാക്കുന്നതെന്ന് തിട്ടമില്ല. ഏതെങ്കിലും ഒന്ന് കൊണ്ടുവന്നാല്‍ അതിനര്‍ഥം ആ സംസ്കാരം സ്വീകരിക്കാത്തവരില്‍ അത് അടിച്ചേല്‍പിക്കലാകും. പൊതു വ്യക്തി നിയമം നൂറു ശതമാനം വര്‍ഗീയതയും ഇന്ത്യയുടെ അഖണ്ഡതയും ഭദ്രതയും നശിപ്പിക്കലുമാണ്. 800 കൊല്ലം ഭരിച്ച മുസ്ലിംകളോ അതിലുമധികം ഭരിച്ച ഹിന്ദു ഭരണാധികാരികളോ ഇന്ത്യയെ അവരുടെ മതം മാത്രമുള്ള രാജ്യമാക്കാന്‍ ശ്രമിച്ചില്ല. വിശ്വാസം മനസ്സില്‍ ഉറപ്പിക്കുകയെന്നത് മുസ്ലിമാകാനുള്ള ആദ്യ കടമയാണെന്നിരിക്കെ നിര്‍ബന്ധിത മതപരിവര്‍ത്തനം അതിന് അന്യമാണ്. ആരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കല്‍പിക്കപ്പെടുകയോ അതിനായി ശ്രമിച്ചിട്ടോ ഇല്ല. ഓരോ മതത്തിനും അവരവരുടെ വിശ്വാസം നിലനിര്‍ത്താനുള്ള അവകാശത്തിന് എതിരാണ് ഏക സിവില്‍കോഡ്. അത് മുസ്ലിംകളുടെ മാത്രമല്ല, മുഴുവന്‍ പേരുടെയും അവകാശം ഹനിക്കലാണ്.

ശരീഅത്ത് സംബന്ധമായി മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെങ്കിലും അവരുടെ യോഗങ്ങളില്‍ പങ്കെടുത്ത് പുറത്തത്തെി ശരീഅത്തില്‍ ഭേദഗതി ആവശ്യപ്പെടുന്നവരുടെ നയങ്ങളില്‍ വിയോജിപ്പാണെന്നും കാന്തപുരം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ബിനോയ് വിശ്വം, കെ.ടി. കുഞ്ഞിക്കണ്ണന്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സി. മുഹമ്മദ് ഫൈസി, പേരോട് അബൂബക്കര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. മജീദ് കക്കാട് സ്വാഗതവും എന്‍. അലി അബ്ദുല്ല നന്ദിയും പറഞ്ഞു.