10.07 PM 10/01/2017
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിലൂടെ റെയിൽവേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി. ഐആർസിടിസി റെയിൽ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷൻ ഡൽഹിയിൽനടന്ന ചടങ്ങിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി.
ദിവസേന പത്തു ലക്ഷം ഇടപാടുകളാണ് ഇ–ടിക്കറ്റിംഗ് സംവിധാനത്തിലൂടെ നടക്കുന്നത്. ഇത് മൊത്തം റിസർവേഷന്റെ 58 ശതമാനം വരും. ഇത് വർധിപ്പിക്കുന്നതിനായാണ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള നവീകരിച്ച ഐആർസിടിസി റെയിൽ കണക്ട് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്– സുരേഷ് പ്രഭു പറഞ്ഞു. ആയാസരഹിതമായും സുരക്ഷയ്ക്കു പ്രധാന്യം നൽകുന്ന രീതിയിലുമാണ് പുതിയ ആപ്ലിക്കേഷന്റെ നിർമാണമെന്നും അദ്ദേഹം വ്യക്‌തമാക്കി. ടിക്കറ്റിംഗ് വെബ്സൈറ്റുമായി ബന്ധപ്പെട്ടാണ് പുതിയ ആപ്ലിക്കേഷൻ പ്രവർത്തിക്കുക.
അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ അടിസ്‌ഥാനത്തിൽ യാത്രക്കാരുടെ വിവരങ്ങൾ, ബുക്ക് ചെയ്ത ടിക്കറ്റുകൾ, ട്രെയിൻ വിവരങ്ങൾ എന്നിവ തെരയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ആപ്പിലുണ്ടാവും. റിസർവേഷൻ ടിക്കറ്റ് ബുക്ക് ചെയ്യൽ, സ്റ്റാറ്റസ് പരിശോധിക്കൽ, ടിക്കറ്റ് റദ്ദാക്കൽ എന്നിവയും ആപ്പ് വഴി ചെയ്യാൻ സാധിക്കും. യാത്രയെ സംബന്ധിച്ച അപ്ഡേറ്റുകളും ആപ്പ് നൽകും. –