ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത

09:03 am 27/4/2017


കൊല്‍ക്കത്ത: ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയന്റ് പട്ടികയിലെ ഒന്നാമന്‍മാരായി. മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും 12 പോയന്റാണുള്ളതെങ്കിലും റണ്‍റേറ്റില്‍ കൊല്‍ക്കത്ത ബഹുദൂരം മുന്നിലാണ്. അര്‍ധസെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയുടെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും ഇന്നിംഗ്സുകളാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 20 ഓവറില്‍ 182/5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.1 ഓവറില്‍ 184/3.

സുനില്‍ നരെയ്ന്റെ പതിവ് വെടിക്കെട്ടില്ലാതെയാണ് കൊല്‍ക്കത്ത തുടങ്ങിയത്. 11 പന്തില്‍ 16 റണ്‍സെടുത്ത നരെയ്ന്‍ റണ്‍ ഔട്ടായി. പിന്നീട് ക്രീസിലെത്തിയ ഉത്തപ്പയെ വ്യക്തിഗത സ്കോര്‍ 12 നില്‍ക്കെ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ജയദേവ് ഉനദ്കട് ബൗണ്ടറിയില്‍ കൈവിട്ടു. അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ചായിരുന്നു ഉനദ്കട് നിലത്തിട്ടത്ത്. അതിനവര്‍ കൊടുക്കേണ്ടിവന്നത് വിജയം തന്നെയായിരുന്നു.
ജീവന്‍ ലഭിച്ചത് മുതലാക്കി അടിതുടങ്ങിയ ഉത്തപ്പ കൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കി ഉനദ്കട്ടിന് തന്നെ വിക്കറ്റ് സമ്മാനിച്ച് ക്രീസ് വിടുമ്പോള്‍ 47 പന്തില്‍ 87 റണ്‍സെടുത്തിരുന്നു. ജയത്തിലേക്ക് അഞ്ച് റണ്‍സകലെയാണ് ഉത്തപ്പ വീണത്. ഏഴ് ബൗണ്ടറിയും ആറ് സിക്സറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്. മറുവശത്ത് ഉത്തപ്പയ്ക്ക് മികച്ച പങ്കാളിയായി അധികം റിസ്കൊന്നുമെടുക്കാതെ കളിച്ച ഗംഭീറാകട്ടെ 46 പന്തില്‍ 62 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ പൂനെ രഹാനെ(46), ത്രിപാഠി(38), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(37 പന്തില്‍ 51 നോട്ടൗട്ട്), ധോണി(11 പന്തില്‍ 23), ഡാന്‍ ക്രിസ്റ്റ്യന്‍ (6 പന്തില്‍ 16 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകളാണ് പൂനെയ്ക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. തോറ്റെങ്കിലും എട്ടു പോയന്റുമായി പൂനെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.