ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരിക്ക്

09:35am
05/02/2016

സേലം: കന്യാകുമാരി ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി. പുലര്‍ച്ചെ നാലരയോടെ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം. ചെറിയ പരിക്കേറ്റ 40 പേരെ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

train-derai7
ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റിയപ്പോള്‍

എക്‌സ്പ്രസിന്റെ എസ്8, എസ്9, എസ്10, എസ്11 എന്നീ നാല് ബോഗികളാണ് പാളം തെറ്റിയത്. ട്രെയിനിന് ചെറിയ ചെരിവ് സംഭവിച്ചപ്പോള്‍ തന്നെ യാത്രക്കാര്‍ ഉണര്‍ന്ന് പുറത്തുകടക്കുവാന്‍ ശ്രമം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 10.30ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഇന്ന് രാവിലെ 6.30ന് ബംഗളൂരു മജിസ്റ്റിക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തേണ്ടതാണ്.

 

സംഭവ സ്ഥലത്ത് പ്രത്യേക മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ടെന്ന് സേലം ഡിവിഷന്‍ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ട്രെയിന്‍ യാത്രക്കാരെല്ലാം ഹൊസൂര്‍ വഴി ബംഗളൂരുവില്‍ എത്തിച്ചേരും. യാത്രക്കാര്‍ക്കായി പ്രത്യേക ബസ് ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സേലംബംഗളൂരു റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായി.

ഹെല്‍പ് ലൈന്‍ നമ്പര്‍:

സേലം: 0427 2431947
മധുര: 0452 2308250
തൃശൂര്‍: 0487 2430060
തിരുവനന്തപുരം: 0471 2320012
പാലക്കാട്: 0491 2555231/2556198