ഒബാമ, ഹിലരിക്കു മാപ്പ് നല്‍കേണ്ടതായിരുന്നെന്ന് റോബര്‍ട്ട് ബഗ് ലിറ്റര്‍

08:26 am 21/1/2017

– പി.പി. ചെറിയാന്‍
Newsimg1_89579920
ന്യുയോര്‍ക്ക് : അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കിയ പ്രസിഡന്റ് ഒബാമ, അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് ഹിലരിക്കും കൂട്ടര്‍ക്കും മാപ്പ് നല്‍കേണ്ടതായിരുന്നുവെന്ന് മുന്‍ അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി റോബര്‍ട്ട് ബഗ് ലിറ്റര്‍ അഭിപ്രായപ്പെട്ടു.അന്വേഷണത്തിന്റെ നിഴലില്‍ കഴിയുന്ന ഹിലറിയുടെ ഭാവിയെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണെന്ന് റോബര്‍ട്ട് പറയുന്നു.

പ്രൈവറ്റ് ഇമെയില്‍ സെര്‍വര്‍ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം മുമ്പോട്ടു കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കുവാന്‍ കഴിഞ്ഞത് ഹിലറിയെ ജയിലിലടയ്ക്കും എന്ന ട്രംപ് നടത്തിയ പ്രസ്താവനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിലറി അഭിമുഖീകരിക്കുന്ന കേസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒബാമയ്ക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കില്‍ ഹിലറിയെ മാപ്പ് നല്‍കി കേസില്‍ നിന്നും ഒഴിവാക്കുമായിരുന്നുവെന്ന് ഫിനാഷ്യല്‍ കോളമിനിസ്റ്റായ ജോണ്‍ ക്രൂഡെലി അഭിപ്രായപ്പെട്ടു. ഹിലറിയെ വ്യക്തിപരമായി ഒബാമ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇമെയില്‍ വിവാദം ഒബാമയെ ഒരു പ്രത്യേക സാഹചര്യത്തിലേക്ക് നയിക്കുകയായിരുന്നു വെന്നും അഭിപ്രായമുണ്ട്. ഹിലറിയുടെ ഭാവി എന്തായിരിക്കുമെന്ന് വരും നാളുകളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കും.