09:59 am 14/12/2016

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥി രണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഇതിന് ജനപ്രാതിനിധ്യ നിയമത്തിലെ 33(7) വകുപ്പ് ഭേദഗതി ചെയ്യണം. അത് സാധ്യമല്ളെങ്കില്‍ ജയിച്ചശേഷം ഒഴിവാകുന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചെലവിലേക്ക് അനുയോജ്യമായ തുക സ്ഥാനാര്‍ഥിയില്‍നിന്ന് ഈടാക്കണമെന്നും കമീഷന്‍ നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ നിര്‍ദേശിച്ചു. തുക എത്രയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല.
1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരാള്‍ക്ക് പരമാവധി രണ്ടു സീറ്റില്‍ മത്സരിക്കാം. രണ്ടിലും ജയിച്ചാല്‍, ഒരു സീറ്റ് ഒഴിയണം. 2004ലും സമാനനിര്‍ദേശം കമീഷന്‍ മുന്നോട്ടുവെച്ചിരുന്നു. അന്ന് ഒഴിവാകുന്ന സീറ്റ് നിയമസഭയിലേതാണെങ്കില്‍ അഞ്ചു ലക്ഷം രൂപ, ലോക്സഭയിലേതാണെങ്കില്‍ 10 ലക്ഷം രൂപ എന്നിങ്ങനെ ഈടാക്കണമെന്നായിരുന്നു നിര്‍ദേശം. രണ്ടുവര്‍ഷം മുമ്പ് റിട്ട. ജസ്റ്റിസ് എ.പി. ഷായുടെ നേതൃത്വത്തിലുള്ള നിയമകമീഷനും രണ്ടു സീറ്റില്‍ മത്സരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.
ജയസാധ്യത ഉറപ്പുവരുത്താനാണ് പ്രമുഖരടക്കമുള്ളവര്‍ രണ്ടു സീറ്റില്‍ മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ വഡോദരയില്‍നിന്നും വാരാണസിയില്‍നിന്നും മത്സരിച്ച് ജയിച്ചശേഷം വഡോദരയില്‍നിന്ന് ഒഴിവാകുകയായിരുന്നു.
