ഒറ്റക്ക് മത്സരിക്കില്ല, ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണക്കും

07:00am 20/4/2016

download (5)
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ജെ.എസ്.എസ് തീരുമാനം. ഒറ്റക്ക് മത്സരിക്കാനുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ജെ.എസ്.എസ് സംസ്ഥാന സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ തീരുമാനത്തിന് ഗൗരിയമ്മ സമ്മതം മൂളിയത്. മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സ്ഥാനങ്ങള്‍ ജെ.എസ്.എസിനും നല്‍കാമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ഗൗരിയമ്മക്ക് ഉറപ്പു നല്‍കി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ജെ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഗൗരിയമ്മ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആറു മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെ.എസ്.എസ് തീരുമാനിച്ചിരുന്നു. മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളെയും തീരുമാനിക്കാന്‍ കെ.ആര്‍ ഗൗരിയമ്മയെയായിരുന്നു പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു എല്‍.ഡി.എഫിനോട് ജെ.എസ്.എസ് ആവശ്യപ്പെട്ടത്. സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് എല്‍.ഡി.എഫിനെ രൂക്ഷമായി വിമര്‍ശിച്ച് ഗൗരിയമ്മ രംഗത്തത്തെയിരുന്നു. എന്‍.ഡി.എയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണത്തെ ഗൗരിയമ്മ സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ ഗൗരിയമ്മയുമായി വീട്ടിലെത്തി ചര്‍ച്ച നടത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജെ.എസ്.എസ് നാല് സീറ്റുകളില്‍ മത്സരിച്ചിരുന്നു.