ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി.

09:40 am 7/10/2016
images (1)

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി. കോടതി കഠിന തടവും പിഴയും വിധിച്ച മലയം സ്വദേശി ഡേവിഡ് ലാലി എന്നയാള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വാധീനം ചെലുത്തിയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഡേവിഡിന്റെ ശിക്ഷ നിരുപാധികം റദ്ദാക്കിയ സംഭവം വന്‍ വിവാദമായിരുന്നു.
ജോര്‍ജ്ജുകുട്ടി യോഹന്നാന്‍ എന്നയാളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു വര്‍ഷം കഠിന തടവും ആയിരംരൂപ പിഴയുമാണ് 1990ല്‍ നെയ്യാറ്റിന്‍കര കോടതി ഡേവിഡ് ലാലിക്ക് വിധിച്ചത്. ഈ വിധി ചോദ്യം ചെയ്ത് ജില്ലാ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇയാള്‍ പോയെങ്കിലും അവിടെ നിന്നെല്ലാം എതിരായ വിധിയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് ഡേവിഡ് ലാലി ഒളിവില്‍ പോയി.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷ ഒഴിവാക്കണമെന്ന് ഡേവിഡ് ലാലി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ നല്‍കി. ആഭ്യന്തരസെക്രട്ടറിയുടെ എതിര്‍പ്പുപോലും മറികടന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി തടവ് ഒഴിവാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കി. 26 വര്‍ഷത്തിനിടെ ഒരു ദിവസം പോലും ജയില്‍ ശിക്ഷ അനുഭവിക്കാത്ത പ്രതിയെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ വന്‍ പ്രതിഷേധമുണ്ടായി.
സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതോടെ നെയ്യാറ്റിന്‍കര കോടതി വീണ്ടും ഡേവിഡിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയില്‍ ഡേവിഡ് ഒഴിവ് കഴിയുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബിജുമോന്റ നേതൃത്വത്തിലുളള പൊലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.