06:40 pm 7/5/2017
ഭൂവനേശ്വർ: 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് നവീൻ പട്നായിക് മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. എസ്.എൻ. പാത്രോ, നിരഞ്ജൻ പൂജാരി, പ്രതാപ് ജെന, മഹേശ്വർ മൊഹന്തി, ശശി ഭുസൻ ബെഹര, പ്രഫുല്ല സാലൽ, നാരംഗ്ഷാ സാഹു, അനന്ദ് ദാസ്, ചന്ദ്ര സാരതി ബെഹേര, സുശാന്ത് സിംഗ് എന്നിവരാണ് പുതുതായി മന്ത്രിസഭയിൽ എത്തിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാർക്ക് ഗവർണർ എസ്.സി. ജമീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി 20 അംഗ മന്ത്രിസഭയിലെ 10 അംഗങ്ങൾ ശനിയാഴ്ച രാജി സമർപ്പിച്ചിരുന്നു. ധനമന്ത്രിയടക്കമുള്ളവർ രാജി സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് നവീൻ പട്നായിക് മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്. രാജി സമർപ്പിച്ച മിക്ക മന്ത്രിമാർക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവിധ ജില്ലകളുടെ ചുമതലയുണ്ടായിരുന്നു. ഈ ജില്ലകളിലെ പ്രകടനം മോശമായതോടെയാണ് കാബിനറ്റിൽനിന്നും ഇവർക്കു പുറത്തുപോകേണ്ടിവന്നത്.
ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 853 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെഡി 474 സീറ്റുകളിൽ വിജയിച്ചെങ്കിലും, മുൻ തെരഞ്ഞെടുപ്പിനേക്കാൾ 178 സീറ്റ് കുറവാണ് ലഭിച്ചത്. ബിജെപിയാകട്ടെ 261 സീറ്റുകൾ അധികം പിടിച്ച് മൊത്തം 297 സീറ്റുകളിൽ വിജയം കണ്ടു.