ചെന്നൈ: ഒ.പി.എസ് പക്ഷം മുന്നോട്ടുവച്ച ഉപാധികൾ പളനിസ്വാമി പക്ഷം അംഗീകരിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന വി.കെ ശശികലയുടേയും ബന്ധു ടി.ടി.വി ദിനകരന്റേയും രാജി എഴുതിവാങ്ങാൻ സമവായ ചർച്ചയിൽ ധാരണയായി. ഒത്തുതീര്‍പ്പു വ്യവസ്ഥകളുടെ ഭാഗമായി ഒ.പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവും. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും.
മന്നാര്‍ഗുഡി മാഫിയ എന്നറിയപ്പെടുന്ന ശശികലയുടെ കുടുംബാംഗങ്ങളെ അകറ്റി നിർത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യവും അംഗീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.